പരവൂർ: പരവൂരിൽ ഗതാഗതപരിഷ്കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എതിർപ്പുകൾ പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും വ്യാപാരിസംഘടനയുമായും നഗരസഭ അധികൃതർ ചർച്ചനടത്തി.
വൺവേ, പാർക്കിംഗ് നിരോധനം എന്നിവയിലാണ് കൂടുതൽ പേരും എതിർപ്പ് അറിയിച്ചത്. പൊഴിക്കര റോഡിൽ വെങ്കിട്ടമുക്ക് വഴിയുള്ള വൺവേ നടപ്പാക്കരുതെന്നും അശോക് തിയേറ്ററിനു മുന്നിൽ ഇടറോഡിലൂടെയുള്ള പ്രവേശനം വിലക്കരുതെന്നും ആവശ്യമുയർന്നു. തിയേറ്ററിനു മുൻഭാഗം വൺവേ ആക്കുന്നതോടെ റയിൽവേ സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കാൻ നഗരം ചുറ്റേണ്ടിവരും. ടൗൺഹാൾ നിർമ്മാണത്തിന് കണ്ടെത്തിയ സ്ഥലത്ത് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് ബി.ജെ.പി പ്രതിനിധികൾ ആവശ്യപ്പെട്ടു. നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചത് പുനപരിശോധിക്കണമെന്നാണ് വ്യാപാരികളുടെയും പ്രധാന ആവശ്യം. നഗരത്തിൽ മറ്റിടങ്ങൾ ഇല്ലാത്തതിനാൽ പാർക്കിംഗ് നിരോധനം പ്രായോഗികമല്ലെന്നും വ്യാപാരികൾ വിശദീകരിച്ചു. പരാതികൾ പരിഹരിക്കാമെന്ന് നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ ഉറപ്പു നൽകി.
യോഗത്തിൽ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധാനം ചെയ്ത് എ. ഷുഹൈബ്, ജെ. യാക്കൂബ്, സുരേന്ദ്രൻ, നെട്ടറ മോഹനൻ, പ്രദീപ്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ എം. സഫീർ, ടി.എസ്.ലൗലി, അശോക് കുമാർ, രാജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അടുത്തദിവസം തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ചർച്ചനടത്തും