കൊല്ലം: നെടുമ്പന ആയുർവേദ ആശുപത്രിയിലെ മരങ്ങൾ മുറിച്ച് മാറ്റിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരത്തിനിടെ പൊലീസുമായി സംഘർഷം.
രാവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരും നേതാക്കളും പ്രസിഡന്റിന്റെ ഓഫീസിനു മുന്നിലാണ് ഉപരോധം നടത്തിയത്. കണ്ണനല്ലൂർ എസ്.എച്ച്.ഒ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയത്തു നിന്നും കണ്ണനല്ലൂരു നിന്നും വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഗേറ്റുകൾ അടച്ച് മറ്റ് പ്രവർത്തകർ അകത്ത് കടക്കുന്നത് പൊലീസ് തടഞ്ഞു. ഇതോടെ ഗേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് ചാത്തന്നൂർ എ.സി.പി ഗോപകുമാർ സ്ഥലത്തെത്തി മരം മോഷ്ടിച്ച സംഭവത്തിൽ കേസെടുത്തെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനെയും 23-ാം വാർഡ് മെമ്പറെയും അറസ്റ്റ് ചെയ്യുന്നതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ പറഞ്ഞു. കണ്ണനല്ലൂർ സമദ്, പഞ്ചായത്ത് മെമ്പർമാരായ ശോഭനകുമാരി, ഹാഷിം, ശിവദാസൻ, ആരിഫ സജീവ്, തൗഫീഖ് വേപ്പിൻമുക്ക്, ഹരികുമാർ, റാഷിദ് മുട്ടക്കാവ്, സജാദ് മലവയൽ, സനൽ പുതുച്ചിറ, ദമീൻ മുട്ടക്കാവ്, നിസാം പുന്നൂർ, സുൽഫി ചാലക്കര, ആസാദ് നാൽപെങ്ങൽ, ശരീഫ് കുളപ്പാടം, ഷഹീർ മുട്ടക്കാവ് തുടങ്ങിയവർ നേതൃത്വം നൽകി.
മോഷണക്കുറ്റത്തിന് കേസ്
കൊല്ലം: ആശുപത്രിയിലെ മരങ്ങൾ മുറിച്ച് മാറ്റിയ സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. മോഷണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗവും ആയുർവേദ ആശുപത്രി മനേജ്മെന്റ് കമ്മിറ്റി അംഗവുമായ ഫൈസൽ കുളപ്പാടം കണ്ണനല്ലൂർ എസ്.എച്ച്.ഒയ്ക്ക് നൽകിയ പരാതിയുടെയും ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ പഞ്ചായത്ത് സെകട്ടറിയും ആശുപത്രി സൂപ്രണ്ടും തങ്ങളറിയാതെയാണ് മരം മുറിച്ചതെന്ന് കാട്ടി പൊലീസിൽ കത്ത് നൽകിയിരുന്നു. ഒരു മാസം മുൻപ് നടന്ന സംഭവത്തിൽ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് പൊലീസ് ഇന്നലെ കേസെടുത്തത്. സംഭവം വിവാദമായതോടെ മുറിച്ചുകടത്തിയ തടികളിൽ കുറച്ചെണ്ണം കഴിഞ്ഞ ദിവസം രാത്രിയിൽ തിരികെ കൊണ്ടിട്ടിരുന്നു.