court

കൊല്ലം: ക്രൂര പീഡനങ്ങൾക്ക് ഇരയായ വിസ്മയയ്ക്ക് നീതി ലഭ്യമാക്കിയതിനൊപ്പം സ്ത്രീധനത്തിന്റെ പേരിൽ ഇപ്പോഴും വേട്ടയാടപ്പെടുന്ന സ്ത്രീകൾക്ക് കരുത്തോടെ പ്രതികരിക്കാനും പോരാടാനും കരുത്ത് നൽകുന്നതാണ് വിസ്മയകേസിൽ ഇന്നലെ പുറത്തുവന്ന കോടതിവിധി.

മറ്റ് പല കേസുകളിലും കോടതികൾ അവഗണിച്ചിട്ടുള്ള ഫോൺ സംഭാഷണം അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നൽകാൻ കോടതി തെളിവായി സ്വീകരിക്കുകയായിരുന്നു.

വിസ്മയയ്ക്ക് നീതി ലഭ്യമാക്കാൻ ദൈവത്തിന്റെ കരങ്ങൾ പ്രവർത്തിച്ചുവെന്നാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും കേസിനെക്കുറിച്ച് പറയുന്നത്. അതുകൊണ്ടാകാം അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ലഭിക്കാതിരുന്ന ഡിജിറ്റൽ തെളിവുകൾ വിചാരണ വേളയിൽ കോടതി മുറിയിലെത്തിയത്.

വിസ്മയ അനുഭവിച്ച ക്രൂര പീഡനങ്ങൾ വ്യക്തമാക്കുന്ന ഫോൺ സംഭാഷണങ്ങൾ പ്രതിയായ കിരണിന്റെ ഫോണിൽ നിന്നുതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതിയുമായി അടുപ്പമുള്ള സാക്ഷികൾ വിചാരണ വേളയിൽ മൊഴി മാറ്റി. മറ്റ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നു. ഭീഷണിയും ഉണ്ടായി. പക്ഷേ നിർണായക സാക്ഷികൾ കൂറുമാറാതിരുന്നതും വിസ്മയയ്ക്ക് നീതി ഉറപ്പാക്കി.