police
പി രാജ് കുമാർ .

പടിഞ്ഞാറേകല്ലട : മുഖത്തെ സൗമ്യതയും പെരുമാറ്റത്തിലെ വിനയവും കുറ്റാന്വേഷണത്തിന്റെ കാ‌ർക്കശ്യത്തിന് മുന്നിൽ മാറിനിൽക്കും. നീതി നിർവഹണത്തിൽ യാതൊരു വിട്ടു വീഴ്ചയും കൂടാതെ നിയമം നടപ്പാക്കാൻ ഏതറ്റംവരെയും പോകും , അതാണ് ശാസ്താംകോട്ട ഡിവൈ.എസ്.പി പി.രാജ്കുമാർ. കേരളമൊട്ടാകെ ഉറ്റുനോക്കിയ വിസ്മയ കേസിൽ കിരണിന് തടവ് ശിക്ഷ വാങ്ങി കൊടുത്തതിന് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും അഭിനന്ദന പ്രവാഹമാണ് രാജ്കുമാറിനെ തേടിയെത്തുന്നത്.

കർണാടക ഓപ്പറേഷൻ

സൂര്യനെല്ലി കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി ധർമരാജനെ കർണാടകത്തിൽ നിന്ന് പിടികൂടി വാർത്തകളിലിടം നേടിയ ഉദ്യോഗസ്ഥനാണ് രാജ്കുമാർ. വെളുത്ത പൊലീസ് ജീപ്പിൽ ചെളിയും വാരിപ്പൂശി രണ്ട് പൊലീസുകാർക്കൊപ്പമായിരുന്നു രാജ്കുമാറിന്റെ കർണാടക ഓപ്പറേഷൻ. അതുപോലെ മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ഘാതകരെ പിടിച്ചതും കുപ്രസിദ്ധ ഗുണ്ടാ നേതാവ് സജിയെ പിടികൂടിയതും രാജ്കുമാറിന്റെ പൊലീസ് ജീവിതത്തിലെ മികവുകളാണ്. കോട്ടയം വൈക്കം സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ രാജ്കുമാർ 2003 ൽ എസ്. ഐ ആയി കണ്ണൂരിൽ ജോലിയിൽ കയറി. തുടർന്ന് എസ് .ഐയായും, സി.ഐയായും എറണാകുളം, കോട്ടയം ജില്ലകളിൽ. ഒടുവിൽ ശാസ്താംകോട്ടയിലെ പ്രഥമ ഡി.വൈ.എസ്.പിയായി 2021 ൽ ചുമതലയേറ്റു. വൈക്കം ചെമ്പിനടു ത്തുള്ള മറവൻതുരുത്ത് രാജ്ഭവനിൽ പുരുഷോത്തമൻ രമണി ദമ്പതികളുടെ മകനാണ്.ഭാര്യ നിഷ തലയോലപ്പറമ്പ് സ്വദേശിനിയും വൈക്കം എസ്.എൻ.ഡി.പി ആശ്രമം ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയുമാണ്.

സ്ത്രീധനം വാങ്ങിയും കൊടുത്തും വിവാഹം കഴിക്കേണ്ടവരല്ല നാം എന്ന അറിവ് സ്കൂൾ തലം മുതൽക്കേ കുട്ടികൾക്ക് ലഭിക്കണം . സ്ത്രീധനം കൊടുത്തും വാങ്ങിയും മക്കളെ വിവാഹജീവിതത്തിലേക്ക് അയക്കില്ല എന്ന തീരുമാനം മാതാപിതാക്കൾക്കും ഉണ്ടാകണം.

മമ്മൂട്ടിയുടെ അഭിനന്ദനം

കഴിഞ്ഞദിവസം രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയ മമ്മൂട്ടി ഫോണിൽ വിളിച്ചാണ് രാജ്കുമാറിനെ

അഭിനന്ദനങ്ങൾ അറിയിച്ചത്. മമ്മൂട്ടിയോടും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമായും ഏറെ അടുപ്പമുള്ളയാളാണ് രാജകുമാർ .കെയർ ആൻഡ് ഷെയർ കേരള പൊലീസുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ കാമ്പയിനുകൾ നയിച്ചതും അതുമായി ബന്ധപ്പെട്ട ഹൃസ്വ സിനിമകൾ സംവിധാനം ചെയ്തതും രാജകുമാർ ആയിരുന്നു.