abdhul-aziz-45

പാരിപ്പള്ളി: ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മത്സ്യവ്യാപാരി മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം ചിറ്റുമൂല തടായി പടിഞ്ഞാറ്റതിൽ

വീട്ടിൽ അബ്ദുൾ അസീസാണ് (45) മരിച്ചത്. രണ്ടുപേരെ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരായ ഷുക്കൂർ, അഖിൽകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ
കല്ലുവാതുക്കലായിരുന്നു അപകടം.
കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോവുകയായിരുന്ന മീൻ കയറ്റി വന്ന മിനിഗുഡ്സ് വാനും വിഴിഞ്ഞത്ത് നിന്ന് മീൻ കയറ്റി കരുനാഗപ്പള്ളിയിലേക്ക് പോയ പിക്ക്അപ്പുമാണ് കൂട്ടിയിടിച്ചത്. പിക്ക്അപ്പ് മറിഞ്ഞ് അബ്ദുൾ അസീസ് വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി പുതിയകാവ് മാർക്കറ്റിലെ മത്സ്യവ്യാപാരിയാണ് അബ്ദുൾ അസീസ്. ഫയർഫോഴ്സും പൊലീസും ചേർന്ന് വാഹനം ഉയർത്തി അബ്‌ദുൾ അസീസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പാരിപ്പള്ളി പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു. ഭാര്യ: സബിയത്ത്. മക്കൾ: സുമയ്യ, സുറുമി. മരുമകൻ: ഷാനവാസ്.