പുത്തൂർ: ഒപ്പം താമസിക്കുന്ന സ്ത്രീയെ കാണാനില്ലെന്ന പരാതി നൽകിയിട്ട്, അന്വേഷിച്ചില്ലെന്ന് ആരോപിച്ച് പുത്തൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച് യുവാവിന്റെ അത്മഹത്യാശ്രമം.
കോട്ടാത്തല കൊഴുവൻ പാറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകര വീട്ടിൽ ഷൈജുവാണ് (47) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്നലെ രാവിലെ 8 ഓടെയായിരുന്നു സംഭവം. പ്ലാസ്റ്രിക് കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഷൈജു പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് തലയിലൂടെ ഒഴിക്കാൻ ശ്രമിച്ചപ്പോൾ തൊട്ടടുത്ത് നിന്നയാൾ കുപ്പി തട്ടിമാറ്റി. അപ്പോഴേക്കും പൊലീസുകാരെത്തി ഷൈജുവിനെ സ്റ്റേഷനിലേക്ക് കയറ്റി ആശ്വസിപ്പിച്ചു. ഷൈജു ഞായറാഴ്ചയാണ് പുത്തൂർ സ്റ്റേഷനിൽ പരാതി നൽകിയത്. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
തിങ്കളാഴ്ച വിവരങ്ങൾ അന്വേഷിച്ച് ഷൈജു സ്റ്റേഷനിൽ എത്തിയിരുന്നു. അന്വേഷണം നടക്കുന്നുവെന്ന മറുപടി കേട്ട് മടങ്ങി. ഇന്നലെ രാവിലെ വീണ്ടും സ്റ്റേഷനിലെത്തിയ ഷൈജു പരാതിയെക്കുറിച്ച് അന്വേഷിച്ചു. പൊലീസുകാർ പുറത്തേക്ക് നിൽക്കാൻ പറഞ്ഞതോടെ വാതിലിന് സമീപം വച്ച് കൈയിൽ കരുതിയിരുന്ന പെട്രോൾ തലയിലേക്ക് ഒഴിക്കുകയായിരുന്നു.
അത്മഹത്യാശ്രമത്തോടെ പൊലീസ് അന്വേഷണം ഊർജിതമായി. ഉച്ചയ്ക്ക് 2 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം യുവതി ഹോം നഴ്സായി ജോലി ചെയ്യുന്നുവെന്ന് വിവരം ലഭിച്ചു. അവിടേക്ക് പുറപ്പെട്ട പുത്തൂർ പൊലീസ് രാത്രിയോടെ യുവതിയെ സ്റ്റേഷനിലെത്തിച്ചു. ഇരുവരെയും മജിസ്ട്രേറ്രിന് മുന്നിൽ ഹാജരാക്കി. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ഇരുവരും അടുത്തകാലത്താണ് ഒരുമിച്ച് താമസം തുടങ്ങിയത്.
നിയമപരമായി ഇരുവരും വിവാഹം കഴിച്ചിട്ടില്ല. പരാതി ലഭിച്ചപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
പുത്തൂർ പൊലീസ്