കരുനാഗപ്പള്ളി : ആദിനാട് തെക്ക്, കാട്ടിൽകടവ്, പ്രകാശം ഗ്രന്ഥശാലയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി "50 പ്രകാശ വർഷങ്ങൾ " എന്ന പേരിൽ കുട്ടികളുടെ നാടകങ്ങൾ സംഘടിപ്പിച്ചു. വർത്തമാന കാല സാമൂഹ്യ വിപത്തുകൾക്കെതിരെ കുട്ടികൾ അവതരിപ്പിച്ച നാടകങ്ങൾ കാഴ്ചക്കാർക്ക് നവ്യാനുഭവമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമ ലേഖനം ,സൂസന്നയുടെ കണ്ണാടി,ഐക്യപുര വിശേഷങ്ങൾ എന്നീ നാടകങ്ങളാണ് 21 പേരടങ്ങുന്ന കുട്ടികളുടെ നാടക സംഘം വേദിയിൽ വതരിപ്പിച്ചത്. പ്രകാശം ഗ്രന്ഥശാലാ ഹാളിലായിരുന്നു നാടകക്കളരി തയ്യാറാക്കിയിരുന്നത്. നാലാം ക്ലാസ് മുതൽ 10-ാം ക്ലാസുവരെയുള്ള കുട്ടികളുടെ നാടക സംഘത്തിന് അമേയ സുനിൽ,അർച്ചന, അഭിരാജ്, ഷാലിമ, അമീറ, ആദിത്യൻ, അരവിന്ദ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഗ്രന്ഥശാലാ സെക്രട്ടറികൂടിയായ സൈജു വി.ആദിനാടാണ് നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചത്. നൃത്ത പരിശീലനത്തിന് പ്രിയദർശിനി, ആർദ്ര , മോനു കണ്ണൻ, അഖിൽ പുൽച്ചാടി എന്നിവരാണ് നേതൃത്വം നൽകിയത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നിർവഹിച്ചു. എൻ.സി. പ്രേംചന്ദ്രൻ അദ്ധ്യക്ഷനായി. ജനകീയ സംഗീതജ്ഞൻ വി.കെ. ശശിധരന് ആദരവ് അർപ്പിച്ച് കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.