rob
ഇരവിപുരത്തെ ആർ.ഒ.ബി നിർമ്മാണം

കൊല്ലം: ഇരവിപുരത്തുകാരും പരിസരവാസികളും ഏറെക്കാലമായി കാത്തിരിക്കുന്ന ഇരവിപുരം കാവൽപ്പുര റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമ്മാണം പ്രതിസന്ധിയിലേക്ക്. ഓവർബ്രിഡ്ജിന്റെ റെയിൽപാളത്തിന് മുകളിൽ വരുന്ന ഭാഗത്തിന്റെ നിർമ്മാണം റെയിൽവേ പെട്ടെന്ന് ഏറ്റെടുത്തതാണ് കാരണം.

നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ പാലത്തിന്റെ ആകെ രൂപരേഖയും റെയിൽ പാളത്തിന് മുകളിൽ വരുന്ന ഭാഗത്തിന്റെ ജനറൽ അറെയ്ഞ്ച്മെന്റ് ഡ്രായിംഗും സമർപ്പിച്ച് അംഗീകാരം വാങ്ങിയാണ് നിർമ്മാണം തുടങ്ങിയത്. റെയിൽവേ പാളത്തിന് മുകളിൽ വരുന്ന ഭാഗത്തിന്റെ നിർമ്മാണം അടക്കമാണ് സ്വകാര്യ ഏജൻസി കരാറെടുത്തത്. തുടർന്ന് നിർമ്മാണം പുരോഗമിക്കവേയാണ് റെയിൽവേയുടെ പെട്ടെന്നുള്ള ഇടപെടൽ. നിർമ്മാണം ഏറ്റെടുത്തെങ്കിലും അതിനുള്ള ടെണ്ടർ നടപടി റെയിൽവേ ഇതുവരെ തുടങ്ങിയിട്ടില്ല. ടെണ്ടർ നടപടി പൂർത്തിയാകാൻ കുറഞ്ഞത് ഒന്നരമാസമെങ്കിലും വേണ്ടിവരും. ആദ്യ ടെണ്ടറിൽ ആരും പ്രവൃത്തി ഏറ്റെടുത്തില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

കിഫ്ബിയിൽ നിന്ന് ആകെ 37.14 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. 27.45 കോടി നിർമ്മാണ പ്രവർത്തനങ്ങൾക്കും 9.69 കോടി സ്ഥലം ഏറ്റെടുക്കാനുമാണ്. പൊതുമേഖല സ്ഥാപനമായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർവഹണ ഏജൻസി. എസ്.പി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് കരാർ എടുത്തിരിക്കുന്നത്.

ഇനിയും കാക്കണം

നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കാമെന്ന കണക്കുകൂട്ടൽ തകിടം മറിയുന്ന ലക്ഷണമാണിപ്പോൾ. തൂണുകളുടെ പൈൽ ഏതാണ്ട് പൂർത്തിയായി. ശേഷിക്കുന്നവ അഞ്ച് മാസത്തിനുള്ളിൽ തീർക്കാനാവുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെ ഇരവിപുരം ഭാഗത്തെ പൈലാണ് ഏകദേശം പൂർത്തിയായത്. ഒപ്പം പൈൽ ക്യാപ്പുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. അതിനുമുകളിലുള്ള പിയർ, പിയർ ക്യാപ്പ്, ഗാർഡർ എന്നിവ സ്റ്റീലിലാണ് നിർമ്മിക്കുന്നത്. ഗർഡറുകൾക്ക് മുകളിൽ വാഹനങ്ങൾ കടന്നുപോകാനുള്ള ഡെക്ക് സ്ലാബ് കോൺക്രീറ്റാണ്.

...........................

 412 മീറ്റർ നീളം

 രണ്ടുവരി പാത

 ഇരുവശങ്ങളിലും നടപ്പാത

 ആകെ വീതി 10.05 മീറ്റർ

................................

ആകെ തുക: 37.14 കോടി

...................................