കൊച്ചി: വീടിന്റെ ഉടമസ്ഥത പഞ്ചായത്ത് രജിസ്റ്ററിൽ തെറ്റായി രേഖപ്പെടുത്തിയതിനും പരാതി ലഭിച്ചപ്പോൾ യഥാസമയം തിരുത്താത്തതിനും കൊല്ലം കുലശേഖരപുരം പഞ്ചായത്ത് വീട്ടുടമയ്ക്ക് 25000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കരുനാഗപ്പള്ളി കാട്ടിൽക്കടവ് ആദിനാട് തെക്ക് ചന്ദ്രഭവനത്തിൽ ചന്ദ്രന്റെ പരാതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റേതാണ് ഉത്തരവ്.

3 മാസത്തിനകം തുക നൽകണം. ഈ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് 6 മാസത്തിനകം തിരിച്ചുപിടിക്കുകയും വേണം.

വീട്ടുടമ അറിയാതെ ഷൈലേന്ദ്രൻ എന്നയാളുടെ പേരിലേക്കാണ് ഉടമസ്ഥത മാറ്റിയത്. 2015ൽ ചന്ദ്രൻ പരാതി നൽകിയപ്പോൾ ഇരുകക്ഷികളോടും ഉടമസ്ഥതാ രേഖകൾ ഹാജരാക്കാൻ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഷൈലേന്ദ്രൻ സമർപ്പിച്ചില്ല. തുടർന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം കണക്കിലെടുത്ത് 2020 മാർച്ച് 13ന് ഉടമസ്ഥത ചന്ദ്രന്റെ പേരിലേക്ക് മാറ്റി നൽകിയെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.

പഞ്ചായത്ത് രേഖകളിലെ തെറ്റുമൂലം കെട്ടിടം വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും അതിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം വേണമെന്നും ചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇത് ഓംബുഡ്സ്മാൻ അനുവദിച്ചില്ല.

യഥാർത്ഥ ഉടമയായ ചന്ദ്രന്റെ അപേക്ഷയിൽ തീരുമാനമെടുക്കാൻ 5 വർഷം കാലതാമസമുണ്ടായത് വലിയ പിഴവാണ്. ചന്ദ്രൻ നികുതി അടച്ചുവന്ന കെട്ടിടത്തിന്റെ ഉടമസ്ഥത അദ്ദേഹം അറിയാതെ മാറ്റിയതും തെറ്റായിപ്പോയി. ഉടമസ്ഥത തെളിയിക്കേണ്ട ബാദ്ധ്യത ഷൈലേന്ദ്രനായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.

നഷ്ടപരിഹാരം നൽകിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് തുക തിരിച്ചുപിടിച്ച് പഞ്ചായത്തിന്റെ നഷ്ടം നികത്തിയെന്നും ഉറപ്പാക്കി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്കും ഓംബുഡ്സ്മാൻ നിർദ്ദേശം നൽകി.