കൊല്ലം: കുണ്ടും കുഴിയും വെള്ളക്കെട്ടുമായി പുത്തൂർ പട്ടണത്തിലെ റോഡ്. താത്കാലിക പരിഹാരം പോലും കാണാതെ കണ്ണടച്ച് അധികൃതർ. പുത്തൂർ മണ്ഡപം ജംഗ്ഷൻ, പടിഞ്ഞാറെ ജംഗ്ഷൻ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലൊക്കെ റോഡ് തകർന്ന് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നു. ഇരുചക്ര വാഹനങ്ങളാണ് പതിവായി അപകടത്തിൽപ്പെടുന്നത്. മഴക്കാലമായതിനാൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് ഭീഷണിയാകുന്നത്. വഴിയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും ഇതേച്ചൊല്ലിയുള്ള സംഘർഷങ്ങളും വാക്കേറ്റങ്ങളുമൊക്കെ പതിവായി. ട്രാഫിക് പരിഷ്കരണ കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്ന് കുറച്ചേറെ പരിഷ്കാരങ്ങൾക്ക് രൂപം നൽകിയെങ്കിലും റോഡിലെ കുഴിയടക്കാതെ ഒന്നും നടപ്പാക്കാനാകില്ല. പവിത്രേശ്വരത്തോട്ട് തിരിയുന്ന ഭാഗത്ത് മൂന്ന് റോഡും സംഗമിക്കുന്നിടത്തെ കുഴികളും മണ്ഡപം ജംഗ്ഷന് കിഴക്ക് ബസ് സ്റ്റോപ്പിന്റെ എതിർ ഭാഗത്തെ കുഴികളും കൂടുതൽ ദുരിതം വിതയ്ക്കുന്നു. പടിഞ്ഞാറെ ജംഗ്ഷനിൽ ശാസ്താംകോട്ട ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ വെള്ളക്കെട്ടും ദുരിതവും തുടങ്ങിയിട്ട് വർഷങ്ങളായി. ഇവിടെ പലപ്പോഴും മണ്ണും കല്ലും ഇട്ട് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. യാതൊരു ഗുണവും ചെയ്തില്ല.
ഓടകൾ വെറുതെ
പട്ടണത്തിൽ ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞ് നശിച്ചിട്ട് നാളേറെയായി. ചെറിയ മഴ പെയ്താൽപോലും റോഡ് നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. ഇന്നലെ പെയ്ത കനത്ത മഴയിൽ യാത്രക്കാർ തീർത്തും വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലൂടെ കുത്തൊഴുക്കാണ്. ചന്തയിലെ മാലിന്യം ഉൾപ്പെടെ ഒഴുകിയെത്തുന്നതിനാൽ വെള്ളത്തിൽ ചവിട്ടിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നെന്ന പരാതികളുമുണ്ട്. പടിഞ്ഞാറെ ജംഗ്ഷൻ മുതൽ ചേരിയിൽ ക്ഷേത്രത്തിന് സമീപംവരെ റോഡിന്റെ ഇരുവശവും വലിയ തോതിൽ വെള്ളം നിറഞ്ഞാണ് ഒഴുകുന്നത്. ഓട്ടോ സ്റ്റാൻഡിലുള്ളവരും ബുദ്ധിമുട്ടിലാണ്.
ആലയ്ക്കലിൽ വള്ളം വേണം
പട്ടണത്തിന്റെ ഭാഗമായ ആലയ്ക്കൽ ജംഗ്ഷനിൽ വെള്ളം ഒഴുകി പോകാൻ സംവിധാനമില്ല. കഴിഞ്ഞ ദിവസം വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും വിജയിച്ചില്ല.
കോടികളുടെ പദ്ധതി എവിടെ?
കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണത്തിനായി 20.80 കോടി രൂപയാണ് അനുവദിച്ചത്. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. റീടാറിംഗ് നടത്തിയ ഭാഗം വീണ്ടും തകർന്നതും അന്വേഷിക്കുന്നില്ല.