photo
ചെറിയഴീക്കൽ വടേ നട ഭഗവതി ക്ഷേത്രത്തിന് പിന്നിൽ തകർന്ന് കിടക്കുന്ന കരിങ്കൽ ഭിത്തി.

കരുനാഗപ്പള്ളി: കാലവർഷം പെയ്‌തിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആലപ്പാട്ടുകാരുടെ മനസിൽ ഭയവും ആശങ്കയും വ‌ർദ്ധിക്കുന്നു. കാലവർഷത്തിന് മുന്നോടിയായി കടൽ ഇളകി മറിയുകയാണ്. കൂറ്രൻ തിരമാലകൾ കരയിലേക്ക് കയറിത്തുടങ്ങി. തിരമാലകളെ തടഞ്ഞ് നിറുത്താൻ ശേഷിയുള്ള തീര സംരക്ഷണ ഭിത്തികൾ നിലവിലില്ല. കഴിഞ്ഞ 18 വർഷമായി തീര സംരക്ഷണ ഭിത്തികൾ തകർന്ന് കിടക്കുകയാണ്. ഇത്തവണയും കടലാ‌ർത്തിരമ്പി വന്ന് സ്വരുക്കൂട്ടി വച്ചതും ജീവനുമടക്കം കവരുമെന്ന ഭീതിയിലാണ് ആലപ്പാട്ടുകാർ.

ചെറിയ തിരമാലകളെപ്പോലും ചെറുക്കാനാവില്ല

ചെറിയഴീക്കൽ സി.എഫ്.എ ഗ്രൗണ്ട് മുതൽ തെക്കോട്ട് ആറാട്ടുകുളം വരെ 2.50 കിലോമീറ്റർ ദൈഘ്യത്തിൽ കടൽ ഭിത്തി പൂർണമായും തകർന്ന് കിടക്കുകയാണ്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ ഏറ്റവും ശക്തമായ കടൽ ഭിത്തി ഉണ്ടായിരുന്നത് ചെറിയഴീക്കൽ തുറയിലാണ്. 18 വർഷം മുമ്പ് സുനാമി തിരമാലകളെ തടഞ്ഞ് നിറുത്താൻ ഇവിടത്തെ കടൽ ഭിത്തിക്ക് കഴിഞ്ഞിരുന്നു. എന്നാൽ സമുദ തീര സംരക്ഷണ ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിരുന്നു. ബലക്ഷയം സംഭവിച്ച കടൽ ഭിത്തികൾ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാനോ പുതിയത് നിർമ്മിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഇതേ തുടർന്നാണ് സംരക്ഷണ ഭിത്തി പൂർണമായും തകർന്നടിഞ്ഞത്.

നിലവിൽ ചെറിയ തിരമാലകളെപ്പോലും തടഞ്ഞ് നിറുത്താനുള്ള ശേഷി കടൽ ഭിത്തിക്കില്ല.

അനുമതി ലഭിച്ചു, പക്ഷേ

ചെറിയഴീക്കൽ വടക്കേനട ഭഗവതി ക്ഷേതം പൂർണമായും കടലാക്രമണ ഭീഷണിയിലാണ്. ഒന്നര വർഷം മുമ്പ് തിരകളെ ചെറുക്കാനായി നിരത്തിയ മണൽ നിറച്ച ചാക്കുകൾ കടൽ വെള്ളത്തിൽ ഒഴുകിപ്പോയി. കഴിഞ്ഞ വർഷം ക്ഷേതത്തിന്റെ ചുറ്റുമതിൽ പൂർണമായും തകർന്ന് വീണു. ഭക്തർ മതിൽ വീണ്ടും കെട്ടി ഉയർത്തി. തീരം സംരക്ഷിക്കാനായി 2 കോടി രൂപയുടെ മൂന്ന് നി‌ർമ്മാണങ്ങൾക്ക് അനുമതി ലഭിച്ചിരുന്നു.അതിൽ ഒന്ന് തുടങ്ങിയെങ്കിലും കരാറുകാരൻ പാതി വഴിക്ക് ഉപേക്ഷിച്ച മട്ടാണ്.


കാലവർഷത്തിൽ ഉണ്ടാകുന്ന തിരമാലകളെ ചെറുക്കാൻ തീര സംരക്ഷണ ഭിത്തി ബലപ്പെടുത്തണം. ഇതിനായി മുക്കാലിക്കല്ല് ഉപയോഗിക്കണം. 6 ടണ്ണോളം ഭാരം വരുന്ന മൂന്ന് മുനകളുള്ള കല്ല് കടൽ തീരങ്ങളിൽ തന്നെ വെച്ച് വാർത്ത ശേഷം ക്രെയിൻ ഉപയോഗിച്ച് നിരത്താവുന്നതാണ്. എത്ര ശക്തിയുള്ള തിരമാലകളേയും ഇതിന് ചെറുക്കാൻ കഴിയും. ഇതോടൊപ്പം തന്നെ പുലിമുട്ടുകൾ കൂടി നിർമ്മിച്ചാൽ തീരം പൂർണമായും സംരക്ഷിക്കാൻ കഴിയും.

സുരേഷ് ഇളശ്ശേരിൽ,

ചെറിയഴീക്കൽ കരയോഗം പ്രസിഡന്റ്