തഴവ: തഴവ ഗവ. കോളേജിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. 2020 ജൂണിൽ കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി കാമ്പസിൽ കോളേജ് കെട്ടിടം നിർമ്മിക്കുന്നതിന് കിഫ്‌ബി 13.54 കോടി രൂപ നൽകുന്നതിന് ഭരണാനുമതി ലഭിച്ചെങ്കിലും നാളിതുവരെ യാതൊരു തുടർ നടപടികളും ഉണ്ടായിട്ടില്ല. കൂടാതെ കോളേജിന്റെ പ്രാരംഭ പ്രവർത്തന ഘട്ടത്തിൽ സി.ദിവാകരൻ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപ ഇപ്പോഴും സാങ്കേതിക അനുമതി കാത്ത് കിടക്കുകയാണ്. ആറ് വർഷം മുൻപാണ് തഴവയിൽ ഗവ. ആർട്സ് കോളേജ് അനുവദിച്ചത്. അന്നു മുതൽ വിവിധ വാടക കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ച കോളേജിന് തഴവ യിൽ സ്വന്തമായി സ്ഥലം കണ്ടെത്തുവാൻ കഴിയാതായതോടെയാണ് മുൻ എം.എൽ.ആർ.രാമചന്ദ്രൻ കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി കാമ്പസിലേക്ക് കോളേജ് മാറ്റുവാൻ നടപടി സ്വീകരിച്ചത്. അന്ന് മുതൽ തന്നെ കെട്ടിട നിർമ്മാണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചെങ്കിലും വിവിധ സാങ്കേതിക കാരണങ്ങളുടെ പേരിൽ നീണ്ടുപോകുകയാണ്. വാടക കെട്ടിടത്തിലെ അസൗകര്യങ്ങൾ സംബന്ധിച്ച പരാതി ശക്തമായ സാഹചര്യത്തിലാണ് സി.ആർ മഹേഷ് എം.എൽ.എ മന്ത്രിയെ സമീപിച്ചത്. ഇതിന്റ അടിസ്ഥാനത്തിൽ എത്രയും വേഗം സാങ്കേതിക അനുമതി നൽകി കോളേജ് കെട്ടിടം നിർമിക്കുന്നതിനുള്ള ടെണ്ടർ നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. എം.എൽ.എയെ കൂടാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറി ,കോളേജ് പ്രിൻസിപ്പൽ എന്നിവരം യോഗത്തിൽ പങ്കെടുത്തു .