atm-padam
പൊളിച്ചുമാറ്റിയ എ.ടി.എം കൗണ്ടറുകളിലൊന്ന്

ചാത്തന്നൂർ: ചാത്തന്നൂർ ജംഗ്ഷനിലെ എ.ടി.എമ്മുകൾ അടച്ചു പൂട്ടിയതോടെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ വെട്ടിലായി.ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ മുതൽ തിരുമുക്ക് വരെ 12 എ.ടി.എം കൗണ്ടറുകളും രണ്ട് സി.ഡി.എമ്മുകളുമാണ് ഉണ്ടായിരുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള എസ്.ബി.ഐയുടെ നാല് എ.ടി.എമ്മും ഒരു സി.ഡി.എമ്മും അടച്ചു പൂട്ടി. പകരം സംവിധാനം ബാങ്കിനുള്ളിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ബാങ്കിംഗ് സമയത്ത് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

ഫെഡറൽ ബാങ്കിന്റെ ചാത്തന്നൂർ ശാഖയുടെ രണ്ട് എ.ടി.എമ്മും ഒരു സി. ടി.എമ്മും അടച്ചു പൂട്ടി. ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം കൗണ്ടറിന് ഏതുനിമിഷവും പൂട്ടുവീഴാം. കാരണം,​ ഈ കെട്ടിടം ഏതു നിമിഷവും പൊളിച്ചുമാറ്റാം. തൊട്ടടുത്ത കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിക്കഴിഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്ക് കൗണ്ടർ അടച്ചു. തിരുമുക്കിലെ കാനറാ ബാങ്ക് കൗണ്ടർ പൊളിച്ചുമാറ്റിക്കഴിഞ്ഞു.

നിലവിൽ പ്രവർത്തിക്കുന്ന ചാത്തന്നൂർ പെട്രോൾപമ്പിന് സമീപത്തെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽ മിക്ക സമയത്തും കാശ് കാണില്ല. കാശുണ്ടെങ്കിൽ പലപ്പോഴും പ്രവർത്തനരഹിതമായിരിക്കും.

ഗ്രാമീൺ ബാങ്ക്, എസ്.ബി.ഐ, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ

എ.ടി.എമ്മുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇവയിലും പലപ്പോഴും കാശ് കാണില്ല.

അത്യാവശ്യത്തിന് ചാത്തന്നൂരിൽ പൈസ കിട്ടാതെ കൊട്ടിയത്തും പാരിപ്പള്ളിയിലും പോകേണ്ട അവസ്ഥയാണ്. ദേശീയപാത വികസനത്തിന്റെ രൂപം പൂർണ്ണമാകാതെ പുതിയ എ.ടി.എം കൗണ്ടറുകൾ എവിടെ വേണം എന്നറിയാതെ ബാങ്ക് അധികൃതരും ബുദ്ധിമുട്ടുകയാണ്.