കൊട്ടാരക്കര: നൂറുകണക്കിന് കുരുന്നുകൾക്ക് അക്ഷരമധുരം പകർന്നുകൊടുത്ത സരോജിനിക്ക് ഇനി പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന്റെ സ്നേഹത്തണൽ. അംഗൻവാടി വർക്കറായിരുന്ന വാളകം പൊലിക്കോട് ചരുവിള വീട്ടിൽ എം.സരോജിനി(80)യാണ് വാർദ്ധക്യകാലത്തിന്റെ ഒറ്റപ്പെടലിൽ നിന്നും സായന്തനത്തിന്റെ സംരക്ഷണത്തിലേക്കെത്തിയത്. മാതാപിതാക്കളം സഹോദരങ്ങളും മരണപ്പെട്ട അവിവാഹിതയായ സരോജിനി സഹോദരിയുടെ മകന്റെ സംരക്ഷണയിലായിരുന്നു ഇത്രനാളും. പിന്നീട് ഒറ്റപ്പെടലിലേക്ക് മാറിയപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേലിന്റെ ശ്രദ്ധയിൽ വിഷയമെത്തിയത്. തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജനുമായി സാം.കെ.ഡാനിയേൽ ബന്ധപ്പെട്ടാണ് പുത്തൂർ സായന്തനത്തിലെത്തിച്ചത്. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവനും വാർഡംഗം അംബികാദേവിയും ചേർന്ന് സരോജിനിയെ സായന്തനത്തിൽ എത്തിച്ചു. ഡയറക്ടർ സി.ശിശുപാലനും ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ളയും ഹോം മാനേജർ ജയശ്രീ മോഹനും ചേർന്ന് സ്വീകരിച്ചു. ഇനി സരോജിനിയ്ക്ക് വേണ്ട സ്നേഹ പരിചരണങ്ങളെല്ലാം സായന്തനത്തിൽ ലഭിക്കുമെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് അറിയിച്ചു.