
കൊല്ലം: മദ്യ ലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. ചിന്നക്കട റൗണ്ടിന് സമീപം ബുധനാഴ്ച രാത്രി ഒമ്പതരയ്ക്ക് ഉണ്ടായ അപകടത്തിലാണ് കേസ്. അമിതവേഗത്തിലെത്തിയ കാർ കരിക്കോട് ചപ്പേത്തടം സ്വദേശിയായ നൗഷാദിന്റെ (42) കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ നൗഷാദിനെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിറുത്താതെപോയ കാർ ചിന്നക്കടയ്ക്കടുത്തുവച്ച് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു.