കൊല്ലം: തലചായ്ക്കാൻ വീടില്ലാത്ത കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി കണ്ണനല്ലൂർ പൊലീസിന്റെ മാതൃക. നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം കമ്മിഷണർ ടി. നാരായണൻ നിർവഹിച്ചു.

കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വന്ന കുടുംബത്തിന്റെ നിസഹായാവസ്ഥ മനസിലാക്കിയ ജനമൈത്രി ഉദ്യോഗസ്ഥർ വിവരം ഇൻസ്പക്ടർ യു.പി.വിപിൻകുമാറിനെ അറിയിച്ചു. തുടർന്ന് ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെയും നേതൃത്വത്തിൽ വീട് നിർമ്മിച്ചു നല്കാൻ തീരുമാനിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടായ്മയിലും സുമനസുകളുടെ സഹകരണത്താലുമാണ് തുക സ്വരൂപിച്ചത്. വീട് നിർമ്മിക്കാൻ സ്ഥലം പ്രശ്‌നമായപ്പോൾ നെടുമ്പന പുത്തൻചന്ത സ്വദേശിയായ കവിതാഭവനത്തിൽ അജയകുമാർ മൂന്ന് സെന്റ് സ്ഥലം വിട്ടുനൽകി. അജയകുമാറിനെ കമ്മിഷണർ ആദരിച്ചു.