ഓയൂർ : പൂയപ്പള്ളിയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ കൊല്ലം റൂറൽ പൊലീസ് മേധാവിക്കും കൊട്ടാരക്ക ഡിവൈ.എസ് .പി ക്കും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പൂയപ്പള്ളി ഒട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പൂയപ്പള്ളി മേലൂട്ട് വീട്ടിൽ ബിജുവിന്റെ ഭാര്യ അന്നമ്മ ബിജു (52) ആണ് കഴിഞ്ഞ 10 ന് വൈകിട്ട് 6 മണിയോടെ തീപ്പൊള്ളേലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മജിസ്ട്രേറ്റിനോട് കൈയ്യബദ്ധം പറ്റി എന്നായിരുന്നു അന്നമ്മയുടെ മൊഴി. എന്നാൽ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന സഹോദരിമാരോട് ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതായി പറഞ്ഞു. അന്നമ്മയ്ക്ക് തീപ്പൊള്ളേറ്റതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് ബിജു പൂയപ്പള്ളി പടിഞ്ഞാറുള്ള പെട്രോൾ പമ്പിൽ നിന്ന്
പെട്രോൾ വാങ്ങിക്കൊണ്ട് പോയിരുന്നു. പെട്രോൾ വാങ്ങിയ വിവരം പൊലീസിനോട് ബിജു സമ്മതിച്ചിട്ടുണ്ട്.
ഡീസൽ ഓട്ടോയുള്ള ഇയാൾ എന്തിനാണ് കുപ്പിയിൽ പെട്രോൾ വാങ്ങിയതെന്നും ഫോറൻസിക് പരിശോധനയിൽ പെട്രോളാണ് തീപിടിത്തത്തിന് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും അന്നമ്മയുടെ മരണകാരണം കൊലപാതക
മാണോ ആത്മഹത്യയാണോ എന്ന് കൂടുതൽ അന്വേഷണം നടത്തണമെന്നും കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷ് കുമാർ പറഞ്ഞു.