കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ അക്കാഡമിക് കൂട്ടായ്മയും കോൺവൊക്കേഷനും 31, ജൂൺ ഒന്ന് തീയതികളിലായി കൊല്ലത്ത് നടത്തും.
ഓപ്പൺ യൂണിവേഴ്സിറ്റി, കില, കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ അൻഡ് ടെക്നോളജി എന്നിവ ചേർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് പ്രോ - വൈസ് ചാൻസിലർ ഡോ. എസ്.വി.സുധീർ പത്രസമ്മേളനത്തിൽ അറിയിച്ചു.
31ന് രാവിലെ 10ന് സി.കേശവൻ സ്മാരക ടൗൺ ഹാളിൽ ആരംഭിക്കുന്ന അക്കാഡമിക് കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ.ബിന്ദു അദ്ധ്യക്ഷയാകും. മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തും.
അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. നവകേരള നിർമ്മിതി വിജ്‌ഞാനം സാമൂഹിക പരിവർത്തനത്തിന് എന്ന പ്രമേയം അടിസ്ഥാനമാക്കി 4 സെഷനുകളിലായി വിദഗ്ദ്ധർ ചർച്ച നയിക്കും. സംസ്ഥാന പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുൻ വൈസ് ചാൻസലർ ഡോ. ബി.ഇക്ബാൽ, കെ.എസ്.ഐ.ഡി.സി മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ, പ്ളാനിംഗ് ബോർഡംഗം മിനി സുകുമാർ, അസാപ് ചെയർപേഴ്സൺ ഡോ.ഉഷ ടൈറ്റസ്, കെ.എസ്.എച്ച്.ഇ.സി വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ എന്നിവർ ഷയങ്ങൾ അവതരിപ്പിക്കും.
ജൂൺ 1ന് വൈകിട്ട് 3.45ന് നടക്കുന്ന കോൺവൊക്കേഷൻ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഡീൻ പ്രൊഫ. എസ്. അഷ്റഫ് , സിൻഡിക്കേറ്റ് അംഗങ്ങളായ ബിജു.കെ. മാത്യു, ഡോ.കെ.ശ്രീവത്സൻ, എ.നിസാമുദ്ദീൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.