കൊട്ടാരക്കര: യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന് നടുവിലേക്ക് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ. മുത്താരമ്മൻ കോവിലിന് സമീപം മുതൽ ഗാന്ധിമുക്ക്, കോടതി ജംഗ്ഷൻ, ഇ.ടി.സി ഭാഗംവരെയാണ് പോസ്റ്റുകൾ റോഡിലേക്ക് ഇറങ്ങി നിൽക്കുന്നത്. വീതി കുറഞ്ഞ റോഡും റോഡിലെ വളവുകളും സന്ധ്യമയങ്ങിയാൽ ഉണ്ടാകുന്ന വെളിച്ചക്കുറവും മൂലം ഇവിടെ വലുതും ചെറുതുമായ അപകടങ്ങൾ പതിവാകുന്നു. മത്സര ഓട്ടം നടത്തുന്ന സ്വകാര്യബസുകളും വാഹനതിരക്കും അപകട തോതു വർദ്ധിപ്പിക്കുന്നു. എത്രയും വേഗം റോഡിലേക്കിറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ജനകീയവേദി പ്രവർത്തകർ ആവശ്യപ്പെട്ടു.
തൃക്കണ്ണമംഗൽ തോട്ടം മുക്കിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും
നടപടിയുണ്ടായിട്ടില്ല.