എഴുകോൺ : ഇടയ്ക്കിടം ആയുർവേദ ആശുപത്രിക്ക് അനാരോഗ്യം . ആശുപത്രി കെട്ടിടത്തിന്റെ തറയിൽ പാകിയിരിക്കുന്ന ടൈലുകൾ ചവിട്ടിയാലുടൻ തകരുന്ന നിലയിലാണ്. പരിശോധന മുറിയോട് ചേർന്ന പ്രധാന ഭാഗത്തെ ടൈലുകൾ തകർന്ന് ഗർത്തമായിട്ട് മാസങ്ങളായി. 2014 ൽ നിർമ്മാണം പൂർത്തിയാക്കിയതാണ് ആശുപത്രി കെട്ടിടം . നിർമ്മാണത്തിലെ അപാകതയാണ് തറ തകരാൻ കാരണം.ആവശ്യമായ മെറ്റൽ നിറച്ചും കോൺക്രീറ്റ് ചെയ്തും തറയൊരുക്കാതെയാണ് ടൈൽസ് പാകിയത്.തകർന്ന ഭാഗത്ത് നോക്കിയാൽ ഉൾവശം പൂർണമായും പൊള്ളയായി കിടക്കുന്നത് കാണാം.തറ പൂർണമായും പൊളിച്ച് കോൺക്രീറ്റ് ചെയ്യാതെ പരിഹരിക്കാൻ കഴിയുന്ന തകരാറല്ല. തറയിൽ ചവിട്ടി നടന്നാൽ പൊള്ളയായ പ്രതലത്തിൽ ചവിട്ടുന്ന ഉഗ്രശബ്ദം കേൾക്കാനാകും. വയോധികരായ രോഗികൾ ഏറെ ഭീതിയോടെയാണ് ഇവിടെ എത്തുന്നത്.
കെടുകാര്യസ്ഥത
കരീപ്ര ഗ്രാമ പഞ്ചായത്തിലെ എൻജിനീയറിംഗ് വിഭാഗത്തെ കുറിച്ച് കാലങ്ങളായി വലിയ പരാതിയാണ് പൊതുജനങ്ങൾക്കുള്ളത്. ആശുപത്രി കെട്ടിടം തകർന്നിട്ടും ആവശ്യമായ അറ്റകുറ്റ പണികൾ ചെയ്യിക്കാത്തത് ഇവരുടെ കെടുകാര്യസ്ഥത വെളിവാക്കുന്നതാണ്.
റിപ്പോർട്ട് തേടും
ഈ വിഷയം നാളിതുവരെ ആരും ശ്രദ്ധയിൽ പെടുത്തിയിട്ടില്ല. കരീപ്ര പഞ്ചായത്ത് എ.ഇ.യോട് റിപ്പോർട്ട് തേടും.
ബീന,
അസി.എക്സി. എൻജിനീയർ ,
ബ്ലോക്ക് പഞ്ചായത്ത്, കൊട്ടാരക്കര.