error

കുന്നത്തൂർ : സെർവർ തകരാർ കാരണം ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിൽ. കഴിഞ്ഞ മൂന്ന് ദിവസമായി ഇതുതന്നെയാണ് അവസ്ഥ.

ഇന്റർനെറ്റ് സംവിധാനം തകരാറിലായതോടെ രജിസ്ട്രേഷൻ നടപടികൾ ഉൾപ്പെടെ മുഴുവൻ ജോലികളും മുടങ്ങിയിരിക്കുകയാണ്. ദിവസങ്ങളായി ഓഫീസുകൾ കയറിയിറങ്ങുന്നവർ നിരാശരായി മടങ്ങുകയാണ്. പല ഓഫീസുകളിലും മാസങ്ങളായി സെർവർ പണിമുടക്കിലാണെങ്കിലും, ജില്ലയിൽ വ്യാപകമായി തകരാർ സംഭവിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട, ശൂരനാട് രജിസ്ട്രാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. ശൂരനാട് ഓഫീസിൽ മുമ്പും പലതവണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ ദിവസേന പത്തോളം രജിസ്ട്രേഷനുകളാണ് നടക്കുന്നത്.

ബി.എസ്.എൻ.എൽ മോഡം ആയതിനാൽ പലപ്പോഴും നെറ്റ് കിട്ടാറില്ല. മോഡം മാറ്റി ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ല.

സെർവറാണ് എല്ലാം...

സെർവർ തകരാറിലായാൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. ആധാരം രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് ആധാരത്തിന്റെ വിവരങ്ങൾ രജിസ്‌ട്രേഷൻ വകുപ്പിന്റെ സെർവറിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഈ രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.

ബാദ്ധ്യതാസർട്ടഫിക്കറ്റ്, ആധാരത്തിന്റെ അടയാളം സഹിതം പകർപ്പുകളുടെ അപേക്ഷ തുടങ്ങിയെല്ലാം ഇതുകാരണം വൈകുന്നു.

ബാങ്ക് വായ്പകൾക്കും മറ്റും അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ലഭിക്കേണ്ട അനുബന്ധ സർട്ടിഫിക്കറ്റുകൾ ലഭിക്കാതായതോടെ ആകെ അകപ്പെട്ടിരിക്കുകയാണ് നാട്ടുകാർ. സർവർ പ്രശ്നം പരിഹരിക്കാൻ

അധികൃതർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.