
കൊല്ലം: റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അപകടങ്ങളുടെ കാരണങ്ങളും അക്കമിട്ട് നിരത്തി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ ഫലപ്രദമായി.
കേരളകൗമുദി കൊല്ലം യൂണിറ്റും ചടയമംഗലം സബ് ആർ.ടി ഓഫീസും ചേർന്ന് കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഗതാഗത നിയമ ലംഘനങ്ങൾ നമ്മുടെ നിരത്തുകളെ കുരുതിക്കളങ്ങളാക്കുന്നതിന്റെ കണക്കുകളടക്കം നിരത്തിയാണ് ക്ളാസുകൾ നടത്തിയത്. ഓട്ടോ ഡ്രൈവർമാരും മറ്റ് മോട്ടോർ തൊഴിലാളികളും ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും പരിശീലകരും വിദ്യാർത്ഥികളും പുതുതായി ലൈസൻസിന് അപേക്ഷ നൽകിയവരുമടക്കമുള്ള ശ്രദ്ധേയ പങ്കാളിത്തത്തോടെയാണ് സെമിനാർ ഒരുക്കിയത്.
അതുകൊണ്ടുതന്നെ ക്ളാസുകൾ ഒരുപാടുപേരിലേക്ക് പുതിയ അറിവുകൾ പകർന്നു. നിരീക്ഷണ കാമറകളും വേഗത നിയന്ത്രണ സംവിധാനങ്ങളും റോഡുവക്കിലെ പരിശോധനാ സംവിധാനങ്ങളുമൊന്നുമല്ല, വാഹന ഡ്രൈവർമാർക്ക് റോഡ് മര്യാദയെപ്പറ്റിയുള്ള നല്ല അവബോധമാണ് വേണ്ടതെന്നാണ് സെമിനാർ വിലയിരുത്തി.
കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ദൃശ്യ ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ചടയമംഗലം ജോ. ആർ.ടി.ഒ ആർ.സുനിൽ ചന്ദ്രൻ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.രമേശ് എന്നിവർ ക്ളാസ് നയിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മാധുരി, ബ്ളോക്ക് പഞ്ചായത്തംഗം സുധീർ കടയ്ക്കൽ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു. കേരളകൗമുദി കടയ്ക്കൽ ലേഖകൻ പി.അനിൽകുമാർ നന്ദി പറഞ്ഞു.