cashew-

കൊല്ലം: കശുഅണ്ടി ഇല്ലാതിരുന്നതിനാൽ നാലുമാസം അടഞ്ഞുകിടന്ന കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾ തുറന്നതോടെ തൊഴിലാളികൾ ആഹ്ളാദത്തിലായി. ഓണം വരെ മുടക്കമില്ലാതെ തൊഴിലാളികൾക്ക് ജോലി ലഭിക്കുമെന്നും തുടർന്നും ജോലി ഉറപ്പാക്കുമെന്നും ഫാക്ടറികൾ സന്ദർശിച്ച് ചെയർമാൻ എസ്. ജയമോഹൻ ഉറപ്പ് നൽകി.
തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ ചൂണ്ടിക്കാട്ടുന്ന കലണ്ടർ പ്രസിദ്ധീകരിക്കും. ഫാക്ടറികളിൽ തൊഴിലുള്ള ദിനങ്ങൾ മുൻകൂട്ടി മനസിലാക്കാൻ കഴിഞ്ഞാൽ തൊഴിൽ ഇല്ലാത്തപ്പോൾ മറ്റ് തൊഴിലുകൾക്ക് പോകാൻ സഹായകരമാകും. ഇ.എസ്‌.ഐ ലഭിക്കുന്നില്ലെന്ന വിഷയം തൊഴിലാളികൾ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തി. കൊവിഡ് കാലത്ത് ഒരുദിവസമെങ്കിലും ജോലി ചെയ്താൽ തൊഴിലാളികൾക്ക് ഇ.എസ്‌.ഐ ആനുകൂല്യം നൽകുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പക്ഷേ അത് നടപ്പായില്ല. കേന്ദ്ര നയം തിരുത്താൻ തൊഴിലാളികൾ ഉൾപ്പെടെ ചേർന്ന് മുന്നേറ്റം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.