കൊല്ലം: റോഡ് നിയമങ്ങൾ അറിയേണ്ടതും പാലിക്കേണ്ടതും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് കടയ്ക്കൽ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദൃശ്യ ബാലകൃഷ്ണൻ പറഞ്ഞു. കേരളകൗമുദിയും ചടയമംഗലം സബ് ആർ.ടി.ഓഫീസുമായി ചേർന്ന് കടയ്ക്കലിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മജിസ്ട്രേറ്റ്.

നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. അതുകൊണ്ടാണ് അപകട നിരക്ക് കൂടുന്നതും. സാധാരണക്കാരനും നിയമ ബോധവത്കരണം ലഭ്യമാക്കണം. ഉദ്യോഗസ്ഥർ തെറ്റായ കാര്യം പറഞ്ഞാൽ ചോദ്യം ചെയ്യണമെങ്കിൽ നിയമം അറിഞ്ഞിരിക്കണം. ഓട്ടോകൾക്ക് അനാവശ്യ പെറ്റിയടിക്കുന്നത് പതിവായി കേൾക്കുന്നതാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിന് കാരണം. ചോദ്യം ചെയ്യാനുള്ള ശേഷി ലഭിക്കുന്നത് നിയമ വശങ്ങൾ പഠിക്കുമ്പോഴാണ്. ശരിയായ ബോധവത്കരണമാണ് ആവശ്യം. റോഡ് നിയമങ്ങളുടെ ആവശ്യകത സാധാരണക്കാരനെ ബോദ്ധ്യപ്പെടുത്താൻ കേരളകൗമുദി നടത്തിയ ഇടപെടൽ സ്വാഗതാർഹമാണെന്നും അവർ പറഞ്ഞു.