കൊല്ലം: സംഘശക്തി വിളംബരം ചെയ്യുന്ന മഹാറാലിയോടെ ലെൻസ്ഫെഡ് സംസ്ഥാന സമ്മേളനത്തിന് കൊല്ലം നഗരത്തിൽ തുടക്കമായി. ആശ്രാമം മൈതാനത്ത് നിന്ന് ആരംഭിച്ച, ആയിരങ്ങൾ അണിനിരന്ന റാലിക്ക് വിദ്യമേളങ്ങളും കാലാരൂപങ്ങളും മിഴിവേകി.

പതാകയേന്തി സമ്മേളനം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് മഹാറാലി നഗരവഴിയിലൂടെ കടന്നുപോയത്. ഓരോ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ പ്രത്യേക ബാനറുകൾക്ക് പിന്നിലാണ് അണിനിരന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ പുലർത്തുന്ന പരിശുദ്ധിയുടെ അടയാളമായി വലിയൊരു വിഭാഗം ശുഭ്രവസ്ത്രം ധരിച്ചാണ് പങ്കെടുത്തത്.

വനിതാ പ്രവർത്തകരിൽ വലിയൊരു വിഭാഗം സെറ്റുസാരിയാണ് ധരിച്ചത്. ഇതോടെ പ്രകടനം ശുഭ്ര വർണത്തിലുള്ള പുഴ നഗരത്തിലൂടെ ഒഴുകിനീങ്ങുന്ന പ്രതീതി സൃഷ്ടിച്ചു. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന കൊല്ലത്ത് നിന്ന് ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.

പൊതുസമ്മേളന നഗരിയായ കന്റോൺമെന്റ് മൈതാനത്ത് സമാപിച്ച മഹാറാലിക്ക് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ് കുമാർ, സെക്രട്ടറി എം.മനോജ്, ട്രഷറർ പി.ബി.ഷാജി, സ്ഥാപക പ്രസിഡന്റ് ആർ.കെ.മണിശങ്കർ, മുൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എൻ.സുരേഷ്, ജില്ലാ പ്രസിഡന്റ് ജോൺ ലൂയിസ്, ജില്ലാ സെക്രട്ടറി ജി.ജയരാജ്, സംഘാടക സമിതി ചെയർമാൻ ടി.ഗിരീഷ് കുമാർ, ജില്ലാ ജോ.സെക്രട്ടറി എസ്.ജെ.ഷീജ, മുൻ സംസ്ഥാന ട്രഷറർ എ.പി.ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം എസ്.ബി.ബിനു തുടങ്ങിയവർ നേതൃത്വം നൽകി. സംഘടനാ അംഗങ്ങൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്.