ചാത്തന്നൂർ: ചാത്തന്നൂർ, ചിറക്കര പഞ്ചായത്തുകളിൽ കനാൽ നവീകരണത്തിലെ അപാകത മൂലം വെള്ളം കെട്ടിക്കിടന്നു കൊതുകുകൾ പെരുകുന്നു. കനാലരികിൽ താമസിക്കുന്നവർക്ക് ഡെങ്കി വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
മഴക്കാലപൂർവ ശുചീകരണം നടക്കുന്നുണ്ടെങ്കിലും കനാലിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനോ കൊതുകുകളെ നശിപ്പിക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കനാലുകളുടെ ഉൾഭാഗവും വശങ്ങളും അടുത്തിടെ കോൺക്രീറ്റ് ചെയ്തിരുന്നു. വേനൽക്കാലത്ത് കനാലിൽ കൂടി ഒഴുകിയെത്തുന്ന വെള്ളം വശങ്ങളിൽ കൂടി താഴ്ന്നിറങ്ങി പരിസരത്തെ കിണറുകളിലും തോട്ടിലും ഏലകളിലും എത്തി ഒരുപരിധിവരെ കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. എന്നാൽ കനാലിന്റെ അകം പൂർണമായും കോൺക്രീറ്റ് ചെയ്തതിനാൽ വശങ്ങളിൽ കൂടി വെള്ളം താഴ്ന്നിറങ്ങാനുള്ള വഴിയടഞ്ഞ അവസ്ഥയാണ്. കിണറുകളിലും ഏലകളിലും ജലലഭ്യത കുറയുകയും ചെയ്യും. പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരമായി കൊതുകുകളെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.