നിരത്തുകൾ ചോരക്കളമാകുന്നതിന്റെ ആശങ്കയും വേദനയും പങ്കുവച്ചും പരിഹാര മാർഗങ്ങൾ ചർച്ച ചെയ്തുമാണ് റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ പര്യവസാനിച്ചത്. ഇനി നമ്മുടെ നിരത്തുകളിൽ ജീവൻ പൊലിയരുത് എന്ന സന്ദേശം കേൾവിക്കാരിലേക്കെത്തിച്ചു. രണ്ടര മണിക്കൂർ നീണ്ട സെമിനാറിന് സദസ് കാത് കൂർപ്പിച്ചിരുന്നത് വിഷയത്തിന്റെ പ്രാധാന്യം കൊണ്ടാണ്. നിരത്തുകളിൽ ദിവസവും വാഹനം കൈകാര്യം ചെയ്യുന്നവരും പുതുതായി ലൈസൻസ് നേടാനൊരുങ്ങുന്നവരുമടക്കം ബോധവത്കരണ ക്ളാസിന്റെ സന്ദേശങ്ങൾ ഹൃദയത്തിൽ ചേർത്താണ് മടങ്ങിയത്.
പൊതുസമൂഹത്തിന് റോഡ് നിയമങ്ങളെപ്പറ്റി കാര്യമായ അറിവില്ല. എങ്ങിനെയും ലൈസൻസ് സ്വന്തമാക്കി വാഹനവുമായി നിരത്തിലിറങ്ങുകയാണ് മിക്കവരും. ശരിയായ ബോധവത്കരണം ആവശ്യമാണ്. ദിവസവും കൂലിപ്പണിക്ക് പോകുന്നവരടക്കമുള്ള സാധാരണക്കാർക്ക് കൂടുതൽ അറിവ് പകർന്ന് കൊടുക്കണം. ജില്ല സമ്പൂർണ ഭരണഘടനാ സാക്ഷരത നേടാനുള്ള ഒരുക്കത്തിലാണ്. അതുപോലെ റോഡ് നിയമങ്ങളുടെ സാക്ഷരതയിലും മുന്നിലെത്തണം. (എം.മനോജ്, പ്രസിഡന്റ്, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്)
---
വാഹന അപകടങ്ങളുടെ നിരക്ക് കൂടിവരുന്നത് എല്ലാവർക്കും അറിവുള്ളതാണ്. സുരക്ഷിതമായ റോഡും യാത്രാ സംവിധാനവും നാമെല്ലാം ആഗ്രഹിക്കുന്നുണ്ട്. എത്ര ശ്രദ്ധയോടെ വാഹനം ഓടിച്ചാലും എതിർവശത്തുനിന്ന് വരുന്ന വാഹനം ഇടിച്ച് അപകടമുണ്ടാകുന്നതും പതിവാണ്. എല്ലാവരിലേക്കും റോഡ് നിയമ ബോധവത്കരണം എത്തണം. നിയമങ്ങൾ കർശനമാക്കുകയും വേണം. (സുധീർ കടയ്ക്കൽ, ബ്ളോക്ക് പഞ്ചായത്തംഗം)
----
അമിത വേഗവും ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ഇതിന് തടയിടണം. ഇത്തരം ഡ്രൈവർമാരുടെ അശ്രദ്ധയിൽ ജീവൻ നഷ്ടപ്പെടുന്നത് യാതൊരു തെറ്റും ചെയ്യാത്തവരാണ്. പിഴ ചുമത്തുന്നതിനപ്പുറം നിയമങ്ങൾ കർശനമാക്കണം. (കെ.മാധുരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കടയ്ക്കൽ പഞ്ചായത്ത്)
---
അപകട രഹിതമായ റോഡുകളും റോഡ് സുരക്ഷയുമാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ പ്രധാന ലക്ഷ്യം. റോഡ് സുരക്ഷയ്ക്ക് വേണ്ട ബോധവത്കരണ പരിപാടികൾ നടത്തിവരികയാണ്. വിദ്യാലയങ്ങളിലേക്ക് ക്ളാസുകളെത്തും. ഡ്രൈവിംഗ് സ്കൂളുകാരാണ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. ഏത് വിധത്തിലും ലൈസൻസ് ലഭ്യമാക്കിക്കൊടുക്കുകയല്ല, വാഹനം ഓടിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ റോഡ് നിയമങ്ങൾ പഠിപ്പിക്കണം. എല്ലാവരും റോഡ് മര്യാദകൾ പാലിച്ചാൽ അപകട നിരക്ക് ഒരുപാട് കുറയും. ഒരു തെറ്റും ചെയ്യാത്ത ജീവനുകളാണ് പലപ്പോഴും പൊലിഞ്ഞുപോകുന്നത്. ഓട്ടോ ഡ്രൈവർമാർ കാക്കി യൂണിഫോം അഭിമാനത്തോടെ ധരിക്കാൻ ശീലിക്കണം. അതൊരു അംഗീകാരം കൂടിയാണ്. കള്ള ടാക്സികൾ പെരുകുന്നുണ്ട്. ഉപജീവനത്തിനുവേണ്ടി ടാക്സി പെർമിറ്റും മറ്റ് ഫീസുകളുമെല്ലാം അടച്ച് സ്റ്റാൻഡുകളിലെത്തുന്ന ടാക്സി ഡ്രൈവർമാരെക്കാൾ കള്ള ടാക്സികൾക്കാണ് ഓട്ടം ലഭിക്കുന്നത്. ഓട്ടം വിളിക്കുന്നവരും ഇക്കാര്യത്തിൽ ജാഗ്രത കാട്ടണം. കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തുണ്ട്. (ആർ.രമേശ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ)
---
നിയമം പാലിക്കാൻ കൂടിയുള്ളതാണ്. റോഡുകളിൽ പരിശോധനകൾ നടത്തുമ്പോൾ ലൈറ്റിട്ടുകാണിച്ചും മറ്റ് സിഗ്നലുകൾ നൽകിയും മറ്റ് വാഹനങ്ങൾ സൂചന നൽകാറുണ്ട്. ഇത് ശരിയ്ക്കും ക്രിമിനലുകളെ സഹായിക്കാനേ ഉപകരിക്കു. ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നത് നമ്മൾക്ക് കൂടിയാണെന്ന ചിന്ത വരണം. റോഡ് മര്യാദകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ മാത്രം ബാദ്ധ്യതയല്ല, പൊതു സമൂഹത്തിന്റേതുകൂടിയാണ്. (ജി.അനിൽകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ)
വാഹനവുമായി നിരത്തിലിറങ്ങിയാൽ ആദ്യം വേണ്ടത് ക്ഷമയാണ്. അനാവശ്യ തിടുക്കങ്ങൾ അപകടങ്ങൾക്ക് കാരണമാകും. മദ്യപിച്ചും മറ്റ് ലഹരികളുപയോഗിച്ചും വാഹനം ഓടിക്കുമ്പോൾ വലിയ വിപത്തുകൾ ക്ഷണിച്ചുവരുത്തുകയാണ്. എനിയ്ക്ക് ഇതൊക്കെ പതിവാണ്, അപകടം ഉണ്ടാകില്ല എന്നീ ധാരണകളാണ് മിക്കവർക്കും. ലഹരി ഉപയോഗിച്ച് ഡ്രൈവ് ചെയ്യുമ്പോൾ താൻ പോലുമറിയാതെയാണ് അപകടമുണ്ടാവുക. കുടുംബത്തിലെ മാതാപിതാക്കളെയോ മക്കളെയോ ഓർത്തുകൊണ്ട് വാഹനം സ്റ്റാർട്ടുചെയ്യുന്നത് നന്നായിരിക്കും. വാഹനപ്പെരുപ്പത്തിനൊപ്പം റോഡ് അപകടങ്ങളും ഏറിവരികയാണ്. കൃത്യതയോടെ വാഹനം ഡ്രൈവ് ചെയ്താലും എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ അപകടമുണ്ടാക്കിയേക്കാം. ആ നിലയിൽ എല്ലാവരും റോഡ് മര്യാദകൾ പാലിക്കാൻ നിർബന്ധിതരാകണം. സ്വയം ബോധവത്കരണമാണ് ആവശ്യം. റോഡ് നിയമങ്ങൾ പൊതു സമൂഹത്തെ കൂടുതൽ പഠിപ്പിക്കാനും അപകടങ്ങളുടെ തോത് കുറയ്ക്കാനും കേരള കൗമുദി നടത്തുന്ന പരിശ്രമം ചെറുതല്ല. ജില്ലയിലെമ്പാടും ഇത്തരം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. ഒരു ജീവനെങ്കിലും സംരക്ഷിക്കാൻ അത് ഉപകരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.(ആർ.സുനിൽ ചന്ദ്രൻ, ജോ.ആർ.ടി.ഒ, ചടയമംഗലം)