പുനലൂർ: പുനലൂർ-മൂവാറ്റുപുഴ പാത നവീകരണങ്ങളുടെ ഭാഗമായി പുനലൂരിലെ നെല്ലിപ്പള്ളിക്ക് സമീപം കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി. ഇന്നലെ ഉച്ചക്ക് ശേഷം നിർമ്മാണ ജോലികൾ നടക്കുന്നതിനിടെയാണ് സംഭവം. കലുങ്കിന്റെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും ശേഷിക്കുന്ന ഭാഗത്തെ മണ്ണ് ജെ.സി.ബി. ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് ഇടിഞ്ഞ് വീണത്. കലുങ്ക് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അധികൃതർ താത്ക്കാലികമായി നിറുത്തി വച്ചു. ചെറു വാഹനങ്ങൾ പേപ്പർ മിൽ, കാര്യറ റോഡ് വഴിയും വലിയ വഹനങ്ങൾ കുന്നിക്കോട് വഴിയുമാണ് പത്തനാപുരം ഭാഗത്തേക്ക് കടന്ന് പോകുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ആരംഭിച്ച നിർമ്മാണ ജോലികൾ മന്ദഗതിയിൽ നീങ്ങുന്നത് കാരണം കാൽ നടയാത്രക്കാർക്ക് പുറമെ വാഹന യാത്രക്കാരും ദുരിതത്തിലാണ്.