പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ
സ്പോർട്സ് കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും എൽ.ഡി.എഫ് അംഗങ്ങൾ തടഞ്ഞുവച്ചു.
സ്പോർട്സ് കൗൺസിലിലേക്കുള്ള വിദഗ്ദ്ധ സമിതി അംഗങ്ങളായി 2 പേരെ തിരഞ്ഞെടുക്കുന്നതാണ് തർക്കത്തിൽ കലാശിച്ചത്. ബാലറ്റിലല്ലാതെ നടത്തിയ തിഞ്ഞെടുപ്പിൽ 2 അംഗങ്ങളുടെ സ്ഥാനത്തേക്ക് 4 പേരുടെ നാമനിർദ്ദേശം വന്നതിനെ തുടർന്ന് കോൺഗ്രസ് അംഗം പി. പ്രദീഷ് കുമാർ പിന്മാറി. തുടർന്ന് സി.പി.എം അംഗം അജയകുമാർ, ആർ.എസ്.പി അംഗം സുഭദ്രാമ്മ, ബി.ജെ.പി അംഗം അല്ലി അജി എന്നിവർ മാത്രമായി. സി.പി.എം, ആർ.എസ്.പി അംഗങ്ങൾക്ക് 13 വോട്ട് വീതവും, ബി.ജെ പി അംഗത്തിന് 7 വോട്ടും ലഭിച്ചു. ഇത് എൽ.ഡി.എഫും ബി.ജെ.പിയും അംഗീകരിച്ചില്ല. അംഗങ്ങൾക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം മിനിറ്റ്സിൽ രേഖപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തയ്യാറാവാതിരുന്നതാണ് എൽ.ഡി എഫ് അംഗങ്ങളുടെ
പ്രതിഷേധത്തിന് കാരണമായത്. പ്രതിഷേധം ആരംഭിച്ചതോടെ യു.ഡി.എഫ് അംഗങ്ങൾ ഹാൾ വിട്ട് പുറത്തുപോയി. ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാർ, പാരിപ്പള്ളി സി.ഐ എ. അൽ ജബ്ബാർ എന്നിവർ
പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ, സെക്രട്ടറി.എസ്. ബിജു, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വിജയൻ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കാര്യങ്ങൾ രമ്യതയിലെത്തിയത്.