കൊല്ലം: ചിന്നക്കട- ബീച്ച് റോഡിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു കൺമുന്നിൽ ഓട നിറഞ്ഞ് കെട്ടിക്കിടന്ന് ദുർഗന്ധം വമിച്ചിട്ടും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്ന് പരാതി.
മൂക്കു പൊത്താതെ ഇതുവഴി പോകാനാവാത്ത അവസ്ഥയാണ്. ചിന്നക്കടയിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നും സമീപത്തുളള ഹോട്ടലുകളിൽ നിന്നുമുളള മലിന ജലം ഒഴുക്കി വിടുന്ന ഓടയാണ് അടഞ്ഞു കിടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ ഓട പൂർണമായി അടഞ്ഞ് വെള്ളം കെട്ടിക്കിടക്കുകയാണ്. മഴ ശക്തമാകുന്നതോടെ ഈ വെള്ളം റോഡിൽ നിറയും. മനുഷ്യ വിസർജ്യവും ഹോട്ടൽ മാലിന്യവും റോഡിൽ പരന്നൊഴുകുന്നതോടെ കാൽനട യാത്രക്കാർ വലയും. ബീച്ചിലേക്ക് നിരന്തരം വാഹനങ്ങൾ ഒഴുകുന്ന നഗരത്തിലെ പ്രധാന റോഡാണിത്. കാൽനട യാത്രക്കാരായ വിനോദ സഞ്ചാരികളുടെ ദേഹത്തേക്കുൾപ്പെടെ മലിനജലം തെറിച്ചു വീഴുന്നതും പതിവായിട്ടുണ്ട്. ഈ ഭാഗത്ത് നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്.
ഒരു വർഷത്തോളമായി സമീപ വാസികൾ ഈ ദുരിതം അനുഭവിച്ചിട്ടും നഗരസഭയ്ക്കോ പൊതുമരാമത്ത് വകുപ്പിനോ കുലുക്കമില്ല. ഏതാനും മാസം മുൻപ് നാട്ടുകാർ ബഹളം കൂട്ടിയപ്പോൾ മുകളിൽ പാകിയിരുന്ന സ്ളാബ് ഇളക്കി ഓട വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇളക്കിയിട്ട സ്ളാബ് ഇപ്പോഴും അവിടെ കൂടിക്കിടപ്പുണ്ട്. മഴ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ഓട വൃത്തിയാക്കി മലിനജലം ഒഴുക്കി വിട്ടില്ലെങ്കിൽ ഗുരുതര ബുദ്ധിമുട്ടുകളാവും ഉണ്ടാവുക.
...................................
ഒരു വർഷമായി ജനം ദുരിതം അനുഭവിക്കുകയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമേയുള്ളൂ. മഴക്കാലവും എത്തുന്നു. ചെളിയും മാലിന്യങ്ങളും നിറഞ്ഞ് പൊതുജനത്തിന് സഞ്ചാരയോഗ്യമല്ലാതായി ബീച്ച് റോഡ് മാറി.
പ്രണവ് താമരക്കുളം, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി