photo
നഗരാരോഗ്യ കേന്ദ്രം

കരുനാഗപ്പള്ളി: നഗരസഭയിലെ ആദ്യ നഗരാരോഗ്യകേന്ദ്രത്തെ അർബൻ പോളി ക്ലിനിക്കായി ഉയർത്താനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ഇതിനായി നഗരാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന 16 സെന്റിൽ ബഹുനില മന്ദിരം നിർമ്മിക്കും. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നുള്ള 32 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം നിർമ്മിക്കുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.

പുതിയ കെട്ടിടവും സംവിധാനവും നിലവിൽ വരുന്നതോടെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം വർദ്ധിക്കുകയും രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും കഴിയും. കെട്ടിട സമുച്ചയത്തിന്റെ ടെണ്ടർ പൂർത്തിയായതോടെ നിർമ്മാണം ഉടനെ ആരംഭിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. പി.മീന പറഞ്ഞു.

നഗരാരോഗ്യ കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത് 30-ം ഡിവിഷന്റെ പരിധിയിൽ വരുന്ന തുറയിൽക്കുന്നിലാണ്. ഒരു മെഡിക്കൽ ഓഫീസർ ഉൾപ്പെടെ നാല് ഡോക്ടർമാരും എട്ട് പാരാമെഡിക്കൽ സ്റ്റാഫുമാണുള്ളത്. ഉച്ചക്ക് 1 മുതൽ വൈകിട്ട് 6 മണി വരെയാണ് പ്രവർത്തന സമയം. 250 ഓളം രോഗികൾ ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.

സാധാരണ ഒ.പി കൂടാതെ കൗമാരആരോഗ്യ ക്ലിനിക്ക്, ശിശുരോഗ ഒ.പി, ഫിസിയോ തെറാപ്പി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ആലുംകടവ്, കോഴിക്കോട്, മരുതൂർക്കുളങ്ങര, പണിക്കർകടവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് രോഗികൾ കൂടുതലായും എത്തുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെ സഹായത്തോടെയാണ് നഗരാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.

മെച്ചപ്പെട്ട സൗകര്യങ്ങൾ

പൊതു ഒ.പി കൂടാതെ കുട്ടികളുടെ ഒ.പി, കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പിനുള്ള സൗകര്യം, കണ്ണ് പരിശോധനാകേന്ദ്രം, വാക്സിനേഷനുള്ള പ്രത്യേക സൗകര്യം, വയോമിത്രം, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ അർബൻ പോളി ക്ലിനിക്ക് സമുച്ചയം.

..............................................................................................................................

അർബൻ പോളി ക്ലിനിക്കിന്റെ അടിസ്ഥാന സൗകര്യം വളരെ വിപുലമാണ്. കൂടുതൽ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ കഴിയും. പുതിയ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാൻ കഴിയും. പോളി ക്ലിനിക്കിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കും. കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കും.

കോട്ടയിൽ രാജു, ചെയർമാൻ, കരുനാഗപ്പള്ളി നഗരസഭ