കുന്നിക്കോട് : ഇളമ്പൽ ചീവോട് കോലിഞ്ചിമലയിലെ അനധികൃത പാറ ഖനനവും നിർമ്മാണങ്ങളും തടയാൻ വിളക്കുടി ഗ്രാമപഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. അനുമതി നേടാതെയുള്ള അനധികൃത നിർമ്മണ പ്രവർത്തനങ്ങളും പാറ ഖനനവും നിറുത്തി വെയ്ക്കാനും പുതിയതായി ക്വാറിക്കുള്ളിൽ നിർമ്മാണം നടത്താൻ പാടില്ലെന്നുമുള്ള ഗ്രാമപഞ്ചായത്തിന്റെ തീരുമാനങ്ങൾ ശരി വെച്ചു കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്. കോലിഞ്ചിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേയ് 26ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
അനുമതി നേടാതെ അനധികൃതമായി കെട്ടിട നിർമ്മാണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രാമപഞ്ചായത്തിൽ നിന്ന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ അത് വകവെയ്ക്കാതെ ക്വാറി നടത്തിപ്പുക്കാർ അനധികൃതമായി പാറ ഖനനവും നിർമ്മാണ പ്രവർത്തനങ്ങളും തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോലിഞ്ചിമല സമര സമിതി കോടതിയെ സമീപ്പിച്ചത്.