mla
പി.എസ്.സുപാൽ എം.എൽ.എപുനലൂർ പൊതുമരാമത്ത് വകുപ്പിൻെറ റസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനം നടത്തുന്നു

പുനലൂർ: വന ഭൂമി കൈവശം വച്ച് വർഷങ്ങളായി താമസിച്ചു വരുന്ന കുടുംബാംഗങ്ങൾക്ക് പട്ടയം നൽകുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് പി.എസ്.സുപാൽ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന് പുറമെ കെ.ഐ.പിയുടെ ഇടത് ,വലത് കനാൽ പുറമ്പോക്കിൽ താമസിക്കുന്നവരുടെ കൈവശ ഭൂമിക്കും പട്ടയം നൽകാനുള്ള നടപടിയുണ്ടാക്കും.കൊല്ലം-ചെങ്കോട്ട റെയിൽവേ പുറമ്പോക്കിൽ താമസിച്ച് വരുന്നവരെ കുടി ഒഴിപ്പിക്കാനുള്ള റെയിൽവേയുടെ നടപടി അംഗീകരിക്കില്ല. താമസക്കാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.റെയിൽവേ അവകാശ വാദം ഉന്നയിക്കുന്ന ഭൂമി വനം വകുപ്പിന്റേതാണ്. ഇത് കണക്കിലെടുത്ത് താമസക്കാകാരെ അനധികൃമായി കുടി ഒഴിപ്പിക്കാൻ അനുവദിക്കില്ല. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ സമ്മാനമായിട്ടാണ് ജില്ലയിലെ 1110 കുടുംബങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം നൽകുന്നത്. 31ന് ഉച്ചക്ക് 12ന് ജില്ലാ തല പട്ടയ മേളയും സംസ്ഥാന തല പട്ടയമേളയുടെ സമാപനവും പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർക്ക് പുറമെ എം.എൽ.എമാർ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ അടക്കമുളളവർ ചടങ്ങിൽ പങ്കെടുക്കുമെന്നും എം.എൽ.എ അറിയിച്ചു.പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, ആർ.ഡി.ഒ.ബി.ശശികുമാർ, തഹസീൽദാർ കെ.എസ്.നസിയ, ഡെപ്യൂട്ടി തഹസിൽദാർ സന്തോഷ്കുമാർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.