കൊല്ലം: ദിനംപ്രതി നിരവധി യാത്രക്കാർ അപകടത്തിൽപ്പെടുന്ന മയ്യനാട് റോഡിലെ മരണക്കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതൃത്വത്തിൽ കെ.ആർ.എഫ്.ബി എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു.
കഴിഞ്ഞദിവസം ബസിനടിയിൽ വീണ യാത്രക്കാരൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം നിരവധിപേർ ഇവിടെ അപകടത്തിൽപ്പെട്ടു. മയ്യനാട് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് , സർക്കാർ ആശുപത്രി, മാർക്കറ്റ്, പണയിൽ ജംഗ്ഷൻ തുടങ്ങി നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന സ്ഥലത്താണ് അപകടകരമായ കുഴികൾ രൂപപ്പെട്ടത്. പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.
തുടർന്ന് ജനപ്രതിനിധികളുടെയും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിക്കുകയായിരുന്നു. അടിയന്തരമായി നിർമ്മാണം ആരംഭിക്കാമെന്ന് എഴുതി നൽകിയ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ അദ്ധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്തംഗം മയ്യനാട് സുനിൽ, ബി.ശങ്കരനാരായണപിള്ള, അഡ്വ. സന്തോഷ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷമീർ മയ്യനാട്, ശരത് കടപ്പാക്കട, സന്തോഷ് പുള്ളിവിള, സുധീർ കൂട്ടുവിള, സംഗീത് ധവളക്കുഴി എന്നിവർ നേതൃത്വം നൽകി.