aparna-16

പ​ത്ത​നാ​പു​രം: ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ കാൽ​വ​ഴു​തി ക​ല്ല​ട​യാ​റ്റിൽ വീ​ണ വി​ദ്യാർ​ത്ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ന്നി കൂ​ടൽ മ​നോ​ജ് ഭ​വ​നിൽ മ​നോ​ജിന്റെയും സ്​മി​ജ മ​നോ​ജിന്റെയും (കേ​ര​ളകൗ​മു​ദി കൂടൽ ഏ​ജന്റ്) മ​കൾ അ​പർ​ണയാണ് (ഗൗ​രി, 16) മ​രി​ച്ച​ത്.

പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോർ സ്​കൂ​ളി​ലെ പ​ത്താം ക്ളാസ് വി​ദ്യാർ​ത്ഥി​യാ​യി​രു​ന്നു. പ​രി​ക്ഷ ക​ഴി​ഞ്ഞ് ഫലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നാ​പു​രം കു​റ്റി​മൂ​ട്ടിൽ ക​ടവിൽ ശ​നി​യാ​ഴ്​ച ഉ​ച്ച​യ്​ക്ക് 12 ഓടെയാ​യി​രു​ന്നു അപകടം. സു​ഹൃ​ത്താ​യ അ​നു​ഗ്ര​ഹ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു അ​പർ​ണ.
ചി​ത്ര​ങ്ങൾ പ​കർ​ത്താ​നാ​യി അ​പർ​ണ​യും അ​നു​ഗ്ര​ഹ​യും അ​നു​ഗ്ര​ഹയു​ടെ സ​ഹോ​ദ​ര​നാ​യ അ​ഭി​ന​വും ആ​റ്റി​ലേ​ക്ക് പോയി. ഇ​തി​നി​ടെ പെൺ​കു​ട്ടി​കൾ ആ​റ്റിൽ വീ​ണു. ഇവരെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ അ​ഭി​ന​വും ആ​റ്റി​ലേ​ക്ക് ചാ​ടി. ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കിൽ മൂ​ന്നുപേ​രും താ​ഴേ​ക്ക് ഒ​ഴു​കി. ഇ​തി​നി​ടെ ആ​റ്റി​ലേ​ക്ക് വീ​ണുകി​ട​ന്ന മ​ര​ക്കൊ​മ്പിൽ പി​ടി​ച്ച് അ​ഭി​ന​വ് ര​ക്ഷ​പ്പെ​ട്ടു.

തു​ടർ​ന്ന് നാ​ട്ടു​കാർ ന​ട​ത്തി​യ തെ​ര​ച്ചി​ലിൽ സ​മീ​പ​ത്തെ പാ​റ​ക്കെ​ട്ടിൽ അ​വ​ശ​നി​ല​യിൽ അ​നു​ഗ്ര​ഹ​യെ ക​ണ്ടെ​ത്തി. വിവരം അറിഞ്ഞെത്തിയ ഫ​യർ​ഫോ​ഴ്‌​സും സ്കൂ​ബാ ടീ​മും നാ​ട്ടു​കാ​രും ചേർ​ന്ന് അ​പർ​ണ​യ്​ക്കാ​യി തെര​ച്ചിൽ ന​ട​ത്തി​യെ​ങ്കി​ലും കണ്ടെത്താനായില്ല.

ഇന്നലെ രാ​വി​ലെ പ​ന്ത്ര​ണ്ട് ​മു​റി ജം​ഗ്​ഷ​ന് സ​മീ​പ​ത്തെ പു​ക്കു​ന്നിൽ​ ക​ട​വിൽ മത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തി​യ യു​വാ​ക്കളാണ് മൃ​ത​ദേ​ഹം ഒ​ഴു​കിവ​രു​ന്ന​ത് കണ്ടത്. ഇവർ മൃതദേഹം ക​ര​യ്‌​ക്കടുപ്പിച്ചു. പൊലീസ് പു​ന​ലൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിലെത്തിച്ച മൃതദേഹം പോ​സ്റ്റ്‌​മോർ​ട്ടത്തിന് ശേഷം ബ​ന്ധു​ക്കൾക്ക് വിട്ടുകൊടുത്തു. സം​സ്​കാ​രം വീ​ട്ടു​വ​ള​പ്പിൽ ന​ട​ത്തി. സഹോദരൻ: ആർസിംഗ് മനോജ്.