t

കൊല്ലം: മയ്യനാട് റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് സ്ഥലം വി​ട്ടുകൊടുത്തവർക്കുള്ള നഷ്ടപരി​ഹാരം മൂന്നു മാസത്തി​നകം വി​തരണം ചെയ്യും. പൊളിച്ചുനീക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾക്കും ജീവനക്കാർക്കുമുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കലും അതി​വേഗം പുരോഗമിക്കുകയാണ്.

206.62 സെന്റാണ് ഏറ്റെടുക്കുന്നത്. ഇതിലുള്ള രണ്ട് വീടുകളും 22 കച്ചവട സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും പൊളി​ക്കേണ്ടി​വരും. ഏഴ് വീടുകൾ ഭാഗികമായി പൊളിക്കണം. ഗവ.എച്ച്.എസ്.എസിന്റെ മുൻഭാഗത്തെ കെട്ടിടത്തി​ന്റെയും കുറച്ചു ഭാഗം പൊളിക്കേണ്ടി വരും. കെട്ടിടങ്ങളുടെയും ഭൂമിയുടെയും വില നിർണയം പൂർത്തിയായിട്ടുണ്ട്. ഭൂമിയുടെ രേഖകൾ ഹാജരാക്കിയുള്ള ഹിയറിംഗിന് ശേഷം നഷ്ടപരിഹാര വിതരണം തുടങ്ങും.

50 കോടിയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. 30.56 കോടിയുടെ പദ്ധതിയാണ് നിർമ്മാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ കിഫ്ബിക്ക് സമർപ്പിച്ചത്. എന്നാൽ 26.25 കോടിയുടെ അനുമതിയാണ് കിഫ്ബി നൽകിയത്. പാലം നിർമ്മാണത്തിന് 18 കോടി വേണ്ടിവരുമെന്നാണ് നാല് വർഷം മുൻപുള്ള കണക്ക്. കുറഞ്ഞത് 10 കോടിയെങ്കിലും അധികമായി അനുവദിച്ചെങ്കിലേ നഷ്ടപരിഹാരവും വിതരണവും മേൽപ്പാലം നിർമ്മാണവും പൂർത്തിയാക്കാനാകൂ. നിർമ്മാണം ആരംഭിക്കുന്ന മുറയ്ക്ക് സർക്കാർ ഈ പണം അനുവദിക്കുമെന്നാണ് പ്രതീക്ഷ.

# ജീവനെടുക്കുന്ന കുരുക്ക്

മയ്യനാടിന്റെ ഹൃദയഭാഗത്താണ് ലെവൽക്രോസ്. ഗേറ്റ് അടയ്ക്കുമ്പോൾ മയ്യനാട് ജംഗ്ഷൻ ആകെ കുരുക്കിലാവും. . കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ ഗതാഗതക്കുരുക്കിൽപ്പെട്ട് നിരവധി പേരുടെ ജീവനും നഷ്ടമായിട്ടുണ്ട്.

# മയ്യനാട് ഓവർബ്രിഡ്‌ജ്

 386.26 മീറ്റർ നീളം

 10.2 മീറ്റർവീതി

 1.5 മീറ്റർ നടപ്പാത വീതി

(കൂട്ടിക്കട ഭാഗത്ത് നിന്ന് 220. 08 മീറ്റർ നീളത്തിലും കൊട്ടിയം ഭാഗത്ത് നിന്നു 386.26 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ്)

.............................

₹ 30.56 കോടി

പദ്ധതിച്ചെലവ്