school
കുന്നിക്കോട് സർക്കാർ എൽ.പി.സ്കൂളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്ന നിലയിൽ

കുന്നിക്കോട് : 2022ലെ അദ്ധ്യയന വർഷം തുടങ്ങി. കുന്നിക്കോട് സർക്കാർ എൽ.പി സ്കൂളിന് കെട്ടിടമില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പഴയ സ്കൂൾ കെട്ടിടം പൊളിച്ചിട്ട് ഒരു വർഷത്തിൽ കൂടുതലായെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വൈകിയാണ് ആരംഭിച്ചത്. രണ്ട് വർഷം മുമ്പാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എൽ.പിസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ചത്. 2021 മാർച്ചിൽ വർഷങ്ങളുടെ പഴക്കമുള്ള പ്രധാന കെട്ടിടം ഉൾപ്പെടെ പൊളിച്ച് നീക്കി. എന്നാൽ കൊവിഡിനെ തുടർന്ന് നിർമ്മാണം നടന്നില്ല. പിന്നീട് ഒക്ടോബറിലാണ് നിർമ്മാണം പുനരാരംഭിച്ചത്. പക്ഷേ വീണ്ടും ചില സാങ്കേതിക കാരണത്താൽ അതും മുടങ്ങി. പിന്നീട് ഈ ഏപ്രിലിൽ നിർമ്മാണം തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം വീണ്ടും നിർമ്മാണം നിറുത്തിവെച്ചു.

നിലവിൽ വാടക കെട്ടിടത്തിൽ

നിലവിൽ എൽ.പി. സ്കൂൾ പ്രവർത്തിക്കുന്നത് കരയോഗത്തിന്റെ വാടക കെട്ടിടത്തിലാണ്. നൂറിൽ പരം കുട്ടികളെ ഇരുത്തി പഠിപ്പിക്കാനും മറ്റും ഇവിടെ മതിയായ സൗകര്യമില്ല. കൊവിഡിന് ശേഷം 2021 നവംബർ മുതൽ ഇവിടെയാണ് സ്കൂൾ പ്രവർത്തിപ്പിക്കുന്നത്. കുന്നിക്കോട് ടൗണിൽ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരെ മാറി സ്കൂൾ പ്രവർത്തിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് എത്തിച്ചേരാനും ബുദ്ധിമുട്ടാണ്. അതിനാൽ ഈ വർഷം പുതിയ പ്രവേശനം കുറഞ്ഞിട്ടുമുണ്ട്.

നിർമ്മാണം ഇങ്ങനെ

കെ.ബി.ഗണേശ് കുമാർ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1.15 കോടി രൂപ മുടക്കിയാണ് എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 8 ക്ലാസ് മുറികളും പ്രധമ അദ്ധ്യാപക മുറിയും ഓഫീസ് മുറിയും സ്റ്റാഫ് മുറിയും പാചകപ്പുര, ശൗചാലയം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയ ബഹുനില കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി.

മൺവേലകളും കുഴിയെടുത്ത് ഇരുപത് കോളം സ്ഥാപിക്കുന്ന ജോലികളും നടത്തിട്ടുണ്ട്. ഉയർന്ന് നിൽക്കുന്ന വസ്തുവായതിനാൽ മണ്ണ് എടുത്ത് മാറ്റി റോഡ് നിരപ്പാക്കേണ്ട ജോലി ചെയ്യാനുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. എം.എൽ.എ.യുടെ ഫണ്ടും തയ്യാറാണ്. പ്രതികൂല കാലാവസ്ഥയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നത്. അടുത്ത അദ്ധ്യയന വർഷം പുതിയ കെട്ടിടം തുറന്ന് കൊടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബി. ഷംനാദ്

വിളക്കുടി ഗ്രാമപഞ്ചായത്ത് വാർഡംഗം