പടിഞ്ഞാറേകല്ലട : കാരാളിമുക്ക്, കടപുഴ പി.ഡബ്ല്യു.ഡി. റോഡിൽ കടപ്പാക്കുഴി ജംഗ്ഷനിൽ യാത്രക്കാർക്ക് ഭീഷണിയായി മാറിയ കൽത്തൂണുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തു. കൽത്തൂണുകൾ കാരണം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് മേയ് 5 ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് സത്വര നടപടി.
പതിറ്റാണ്ടുകൾക്ക് മുമ്പ് നാട്ടുകാർ തലച്ചുമടായിചന്തയിൽ സാധനങ്ങൾ കൊണ്ടു പോകുന്ന വരുന്ന വഴിയിൽ വിശ്രമിക്കാനായി ഉയർന്ന ഇരിപ്പിട ത്തോടുകൂടിയ ഓട് മേഞ്ഞു നിർമ്മിച്ചതായിരുന്നു ഈ പുരാതന കളത്തട്ട്. കാലം മാറിയതോടെ കളത്തട്ട് ഉപയോഗശൂന്യമാകുകയും നശിക്കുകയും ചെയ്തു. എന്നാൽ അതിന്റെ അവശിഷ്ടമായ കൽത്തൂണുകൾ യാത്രക്കാർക്ക് തടസമായി നിലകൊണ്ടു.
കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടന്നുവരുന്ന കടപുഴ, കാരാളിമുക്ക് റോഡ് ഹൈടെക് ആയതോടുകൂടി വാഹനങ്ങളുടെ വേഗത വർദ്ധിക്കുകയും റോഡിന്റെ ടാറിംഗിനോടു ചേർന്നുള്ള ഈ കൽത്തൂണുകൾ അപകടങ്ങൾ കാരണമാവുകയും ചെയ്തു. എന്നുമാത്രമല്ല, പലരും ഫ്ളക്സ് ബോർഡുകൾ കൽത്തൂണുകളിൽ കെട്ടിവയ്ക്കുന്നതു കാരണം എതിരേ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത അവസ്ഥവന്നു. ഇത് കാരണം വാഹനാപകടങ്ങൾ ഇവിടെ പതിവായി. കൂടാതെ കടപ്പാക്കുഴി ജംഗ്ഷനിൽ നിന്ന് വളഞ്ഞവരമ്പ് റോഡിലേക്ക് തിരിയുന്ന കലുങ്കിന്റെ ഇരുവശത്തും പാർശ്വഭിത്തി നിർമ്മിയ്ക്കാത്തതും റോഡിലേക്ക് വളർന്ന് പന്തലിച്ച് കിടക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റാത്തതും കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം ഒരു ഇരുചക്ര വാഹനക്കാരി ഇവിടെ കലങ്കിൽ നിന്ന് തോട്ടിലേക്ക് വീഴുകയും ചെയ്തു. കലുങ്കിന് പാർശ്വഭിത്തി നിർമ്മിച്ചും മരച്ചില്ലകൾ നീക്കം ചെയ്തും വാഹന അപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.