കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച സാമൂഹ്യക്ഷേമ നിധിയുടെ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കുഞ്ഞുങ്ങളെ ഗുരുദേവ കൃതികൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ മുൻകൈയെടുക്കണം. എസ്.എൻ.ഡി.പി യോഗം നടത്തുന്ന കലാമത്സരങ്ങളെല്ലാം ഗുരുദേവ കൃതികളെ ആസ്പദമാക്കിയുള്ളതാണ്. ജയവും തോൽവിയും കണക്കിലെടുക്കാതെ എല്ലാ കുഞ്ഞുങ്ങളും മത്സരങ്ങളിൽ പങ്കെടുക്കണം. അവരെ ഭാരതത്തിന്റെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാൻ ഗുരുദേവ കൃതികൾക്ക് കഴിയുമെന്നും പ്രീതി നടേശൻ പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും മത്സരവിജയികളെയും ഉപഹാരം നൽകി ആദരിച്ചു.
എസ്.എൻ.ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം ബോർഡ് അംഗങ്ങളായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, കെ.രാജൻ, വി.എം.വിനോദ് കുമാർ, ടി.ഡി.ശരത് ചന്ദ്രൻ, കെ.ബി.ശ്രീകുമാർ, ബിജു രവീന്ദൻ, അനിൽ ബാലകൃഷ്ണൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് അംബികടീച്ചർ, സെക്രട്ടറി മധുകുമാരി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് നീലികുളം സിബു എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.