കൊല്ലം: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തത്ക്ഷണം മരിച്ചു. ഇന്നലെ രാവിലെ 7.45 ഓടെ അഞ്ചാലുംമൂട് കുഴിയത്തെ കാപ്പെക്സ് ഫാക്ടറിക്ക് മുന്നിലുണ്ടായ അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് സാരമായി പരിക്കേറ്റ നീരാവിൽ ജലാൽ മൻസിലിൽ നൗഫൽ (24) ആണ് മരിച്ചത്. കുണ്ടറയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബസിന്റെ പിൻഭാഗം അഞ്ചാലുംമൂട്ടിൽ നിന്ന് കുണ്ടറയിലേക്ക് പോവുകയായിരുന്ന നൗഫലിന്റെ ബൈക്കിൽ തട്ടുകയായിരുന്നു.
ഇളമ്പള്ളൂർ റെയിൽവേക്രോസ് ആദ്യം മുറിച്ചുകടക്കാനായിരുന്നു ബസുകളുടെ മത്സരം. നിയന്ത്രണം വിട്ട സെന്റ് ജൂഡ് ബസ് ആദ്യം കാപ്പെക്സ് ഫാക്ടറിക്ക് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചുകയറി. തുടർന്ന് തൊട്ടടുത്തുള്ള വീടിന്റെ മതിലിൽ ഇടിക്കുന്നതിനിടെ ബസിന്റെ പിൻഭാഗം എതിർദിശയിൽ വന്ന നൗഫലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
വെൽഡിംഗ് തൊഴിലാളിയായ നൗഫൽ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇസ്മയിലിന്റെയും നസീലയുടെയും മകനാണ്. സഹോദരൻ: മുസ്തഫ.