കൊല്ലം: കലാസാംസ്കാരിക ക്ഷേമപ്രവർത്തനങ്ങൾക്കായി സ്വയംഭരണ സ്ഥാപനങ്ങൾക്കും കേരള സംഗീത നാടക അക്കാഡമിക്കും സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ ഒരു നിശ്ചിത തുക നേരിട്ട് ഫൈൻ ആർട്സ് പോലുള്ള കലാസംഘടനകൾ വഴി വിതരണം ചെയ്യണമെന്ന് കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി അമ്പതാം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള സംഗീത നാടക അക്കാഡമിക്ക് എട്ട് കോടിയോളം രൂപ സർക്കാർ നൽകുന്നുണ്ട്. എന്നാൽ ആ തുക പൂർണമായും കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സെക്രട്ടറി പ്രദീപ് ആശ്രാമം പ്രമേയം അവതരിപ്പിച്ചു. ഫാസ് കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ഫാസ് വെബ്സൈറ്റും ഫേസ്ബുക്ക് പേജും വൈസ് പ്രസിഡന്റ് ആശ്രാമം ഭാസി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ, എം.റഷീദ്, സിദ്ധാർത്ഥൻ ആശാൻ, എം.ക്ലീറ്റസ്, കെ. സുന്ദരേശൻ എന്നിവർ സംസാരിച്ചു.