കൊല്ലം: പുന്തലത്താഴം- ചെമ്മാൻമുക്ക് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് എക്സിക്യുട്ടിവ് എൻജിനീയറെ മൂന്നു മണിക്കൂറോളം ഉപരോധിച്ചു. ഈസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം റോഡിന്റെ പണി പൂർത്തിയാക്കാമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ രേഖാമൂലം ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ലൈലാകുമാരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് വിനീത് അയത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, പിണക്കൽ ഫൈസ്, ശരത് കടപ്പാക്കട, ഷാജഹാൻ പാലയ്ക്കൽ, അനീസ് കുറ്റിച്ചിറ, അഫ്സൽ കട്ടവിള, സഹിൽ സദർ, ഹുനൈസ് പള്ളിമുക്ക്, സുധി എന്നിവർ നേതൃത്വം നൽകി.