പുനലൂർ: നവീകരണ ജോലികൾ പുരോഗമിക്കുന്ന പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഗതാഗതം ഭാഗീകമായി പുനരാരംഭിച്ചു, ചെറുവാഹനങ്ങളെ കടത്തി വിട്ടുതുടങ്ങി. പാത നവീകരണത്തിനിടെ മൂന്ന് ദിവസം മുമ്പ് പുനലൂരിന് സമീപം നെല്ലിപ്പള്ളിയിൽ കലുങ്ക് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്നാണ് ഗതാഗതം പൂർണ്ണമായി നിർത്തിവച്ചത്. തുടർന്ന് ഗതാഗതം പുനരാരംഭിക്കാനുളള ജോലികൾ ആരംഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഇടിഞ്ഞിറങ്ങിയ ഭാഗത്തെ റോഡിൽ മണ്ണ് ഇറക്കി ഉറപ്പിച്ച് താത്കാലികമായി ഗതാഗതം പുനരാരംഭിക്കുകയായിരുന്നു.
പാതയിലെ പഴയ കലങ്ക് പൊളിച്ചു നീക്കി പകരം പുതിയത് പണിയുന്നതിന്റെ ഭാഗമായി ഒരു ഭാഗത്തെ കോൺക്രീറ്റ് പണികൾ പൂർത്തിയാക്കി, മറു ഭാഗത്ത് നിർമ്മാണ ജോലികൾ നടത്തുന്നതിനിടെയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇതോടെ പുനലൂർ പേപ്പർ മിൽ, കാര്യറ, കുന്നിക്കോട് റോഡ് വഴിയാണ് പത്തനാപുരം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എത്തിയിരുന്നത്.