panavelail-
പനവേലി മടത്തിയറ അങ്കണവാടിയിലെ പ്രവേശനോത്സവത്തിൽ അദ്ധ്യാപിക എൽ. ഓമനഅമ്മ കുട്ടികളെ കിരീടമണിയിച്ച് സ്വീകരിക്കുന്നു

കൊട്ടാരക്കര: കൊവിഡാനന്തരം ആദ്യമായി നടന്ന പ്രവേശനോത്സവം പനവേലി മടത്തിയറ അങ്കണവാടിയിൽ ഉത്സവാന്തരീക്ഷം പകർന്നു.

മധുരം നുകർന്നും പാട്ടുപാടിയും ചിത്രശലഭങ്ങളെപ്പോലെ പാറി നടന്ന കുരുന്നുകളെ ആശിർവദിക്കാൻ മുതിർന്നവരും ഗുരുനാഥന്മാരും എത്തിയിരുന്നു. കിരീടം ധരിപ്പിച്ചും സമ്മാനം നൽകിയും അദ്ധ്യാപിക എൽ. ഓമനയമ്മ കുരുന്നുകളെ അക്ഷര മുറ്റത്തേക്ക് കൈ പിടിച്ച് ആനയിച്ചു.

ഗ്രാമ പഞ്ചായത്തംഗം കെ.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പനവേലി സ്ക്കൂൾ പ്രഥമാദ്ധ്യാപകൻ കെ.ഒ.രാജുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

മിനി രാധാകൃഷ്ണൻ, ബിന്ദു സുകുമാരൻ, തുളസീധരൻ പിള്ള, സതീഷ് മാതേരുകാവ്, ശ്രീകല, വസന്തകുമാരി, ഓമനയമ്മ എന്നിവർ സംസാരിച്ചു.