കൊല്ലം: മുണ്ടയ്ക്കൽ പ്രദേശത്ത് തെരുവുനായ ശല്യം വർദ്ധിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കമള്ള കാൽനടയാത്രക്കാർ ഭീതിയിലായി. തുമ്പറ മാർക്കറ്റ് ജംഗ്ഷൻ, എച്ച് ആൻഡ് സി ജംഗ്ഷൻ, മുണ്ടയ്ക്കൽ പാലം റോഡ്, തില്ലേരി ഭാഗം എന്നിവിടങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
ഇരുചക്ര വാഹനത്തിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യന്നവരും പലപ്പോഴും തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നുണ്ട്. രാത്രിയിൽ വളർത്തു മൃഗങ്ങളെ കടിച്ചുകൊല്ലുന്നതും പതിവാണ്. കഴിഞ്ഞ മാസം തില്ലേരി പുത്തൻവയലിൽ മൂന്ന് ആടുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ.ജെ. ഡിക്രൂസ്, ജനറൽ സെക്രട്ടറി എൽ. ബാബു എന്നിവർ ആവശ്യപ്പെട്ടു.