
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി ഇൻഡോർ ഫിറ്റ്‌നെസ് സെന്ററുകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് സാം.കെ.ഡാനിയേൽ. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമസഭ ജയൻ സ്മാരകഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലിയേറ്റീവ് പ്രവർത്തനങ്ങൾ എല്ലാ ബ്ലോക്ക് തലങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായി മെഡിക്കൽ ടീം രൂപീകരിക്കും. മാലാഖക്കൂട്ടം, സ്‌കിൽടെക് പദ്ധതികളുടെ മാതൃകയിൽ വി.എച്ച്.എസ്.സി അഗ്രിക്കൾച്ചർ, പാരാമെഡിക്കൽ കോഴ്‌സുകൾ പാസായവർക്ക് അപ്രന്റീഷിപ്പ് നിയമനം നൽകും.
സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.സുമലാൽ, ജെ.നജീബത്ത്, ഡോ. പി.കെ.ഗോപൻ, വസന്ത രമേശ്, അനിൽ എസ്.കല്ലേലിഭാഗം എന്നിവർ വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.സുമലാൽ അദ്ധ്യക്ഷയായി.