കൊല്ലം: സാധാരണക്കാരായ ജനവിഭാഗമാണ് പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ ആദ്യ ഇന്റർനാഷണൽ മോഡൽ പ്രീ പ്രൈമറി സ്‌കൂളായ ചവറ യു.പി സ്‌കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്‌കൂളുകളുടെ അഭിവൃദ്ധിക്കായി കക്ഷിരാഷ്ട്രീയമില്ലാതെ ജനങ്ങൾ കൈകോർത്തു. ഇല്ലായ്മയുടെ പര്യായങ്ങളായിരുന്ന വിദ്യാലയങ്ങൾ മികവുറ്റതായി. പൊതു വിദ്യാലയങ്ങളിൽ അക്കാഡമിക നിലവാരം ഉയർന്നു. പത്ത് ലക്ഷത്തിനാൽപ്പത്തി എണ്ണായിരം കുട്ടികളാണ് പൊതുവിദ്യാലയത്തിൽ ആറ് വർഷ കാലയളവിൽ വർദ്ധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സുജിത്ത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, ഹെഡ്മിസ്ട്രസ് എസ്. കൃഷ്ണകുമാരി തുടങ്ങിയവർ പങ്കെടുത്തു.