കരുനാഗപ്പള്ളി : ജില്ല ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവത്തിൽ കൊട്ടാരക്കര താലൂക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പന്മന, വടക്കുംതല ഒ.എൻ. വി നഗറിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വടക്കുംതല എസ്. വി. പി. എം എച്ച്. എസ്. എസ്, ഡി. വി. എൽ. പി സ്കൂൾ, കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലെ 10 വേദികളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലയിലെ ആറു താലൂക്കുകളിൽ നിന്നായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 500 ഓളം പേർ മാറ്റുരച്ചു. 14 ഇനങ്ങളിലായിരുന്നു മത്സരം. കവി ചവറ കെ. എസ്. പിള്ള അക്ഷരോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.പി.ബി ശിവൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സ്വാഗതം പറഞ്ഞു.
വൈകിട്ട് നടന്ന സമാപന സമ്മേളനവും സമ്മാനദാനവും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. വി.പി.ജയപ്രകാശ്മേനോൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, മണപ്പള്ളി ഉണ്ണികൃഷ്ണൻ, പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.