കൊല്ലം: തമിഴ്നാട്ടിലെ പുളിയറയിൽ കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ.ഷാജുവിന്റെ ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു. ചെയർമാനടക്കം കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം. മുൻമന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമഞ്ജനം ചെയ്യാൻ കെ.ബി.ഗണേശ് കുമാറും കുടുംബാംഗങ്ങളും പോയപ്പോൾ ഒപ്പം പോയതാണ് എ.ഷാജു. രാമേശ്വരത്ത് നിന്ന് തിരികെ കൊട്ടാരക്കരയ്ക്ക് മടങ്ങുന്നവഴി പുനലൂർ- തെങ്കാശി റൂട്ടിൽ പുളിയറ ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള എസ്.വളവിന് സമീപത്തുവച്ചായിരുന്നു അപകടം. ചെയർമാന്റെ കാറും എതിർ ദിശയിൽ നിന്നുവന്ന കച്ചിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെയർമാനും ഡ്രൈവറുമടക്കം കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇവർ മറ്റൊരു വാഹനത്തിൽ കൊട്ടാരക്കരയ്ക്ക് യാത്ര തിരിച്ചു.