കടയ്ക്കൽ: രാത്രി ഏഴോടെ കൂട്ടിയിടിയുടെ ശബ്ദവും നിലവിളിയും കേട്ട് മടത്തറ ജംഗ്ഷനിലും പരിസരത്തും നിന്നവർ ഞെട്ടി. പിന്നീടവർ കൂട്ടത്തോടെയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ബസ് അപകടത്തിൽ പരിക്കേറ്റവരെ സ്ഥലത്ത് ആദ്യം എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പുറത്തേക്കെടുത്തത്. ബസുകളുടെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് പൊതുപ്രവർത്തകരും എത്തി. ആംബുലൻസുകളും കൂട്ടത്തോടെയെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അതുകൊണ്ടുതന്നെ സ്ഥലത്തെത്തിയ പൊലീസിന് കാര്യമായി പണിപ്പെടേണ്ടിവന്നില്ല.
സമയം നഷ്ടപ്പെടുത്താതിരുന്നതിനാൽ രക്തം വാർന്ന് കിടന്നവർക്ക് ജീവഹാനി സംഭവിച്ചില്ല. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റും കൊണ്ടുപോകാൻ ആരും മടികാണിച്ചില്ല.

പാറശാല കാരോട് സി.എസ്.ഐ പള്ളിയിൽ നിന്നുള്ള വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. എതിർ ഭാഗത്തുനിന്ന് പെട്ടെന്ന് ഒരു വെളിച്ചവും തൊട്ടുപിന്നാലെ കുട്ടിയിടിയും സംഭവിക്കുകയായിരുന്നുവെന്ന് ടൂറിസ്റ്റ് ബസിലെ യാത്രക്കാർ പറഞ്ഞു.